Uae
അപൂര്‍വ കയ്യെഴുത്ത് പ്രതികളും പുരാലിഖിതങ്ങളും സംരക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യ
500-ലധികം അപൂര്‍വ വസ്തുക്കളുടെ പുനരുദ്ധാരണം നടന്നു കഴിഞ്ഞു.
ദുബൈ| അപൂര്‍വ കയ്യെഴുത്തു പ്രതികള്‍, പുരാ ലിഖിതങ്ങള്‍, സാംസ്‌കാരിക ശേഷിപ്പ് എന്നിവയുടെ സംരക്ഷണത്തിനു മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറിയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ സജ്ജീകരിച്ചതായി ഡയറക്ടര്‍ അലി ജുമാ അല്‍ തമീമി പറഞ്ഞു. 500-ലധികം അപൂര്‍വ വസ്തുക്കളുടെ പുനരുദ്ധാരണം നടന്നു കഴിഞ്ഞു.
ഇ& യുടെ ഇത്തിസലാത്തിന്റെ സഹകരണത്തോടെയാണ് പുതിയ സജ്ജീകരണങ്ങള്‍. അപൂര്‍വ പുസ്തകങ്ങളുടെയും കൈയെഴുത്തു പ്രതികളുടെയും പുനഃസ്ഥാപന, സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതിനായാണ് മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറി ഒരു സംയോജിത കേന്ദ്രം സ്ഥാപിച്ചത്. കാലത്തിന്റെയും നാശത്തിന്റെയും ആഘാതത്തില്‍ നിന്ന് സാംസ്‌കാരികവും മാനുഷികവുമായ നിധികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഇത് ഗുണം ചെയ്യും. ഈ മേഖലയില്‍ പിന്തുടരുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഉപയോഗിച്ച് പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംഭാവന നല്‍കുന്ന ഇമറാത്തി സാങ്കേതിക വിദഗ്ധരുടെ ഒരു കൂട്ടമാണ് കേന്ദ്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
ഇമാറാത്തി പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും ഏറ്റവും പുതിയ നൂതന രീതി ശാസ്ത്രങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് അവരെ സജ്ജമാക്കുന്നതിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ജനങ്ങളുടെയും നാഗരികതകളുടെയും കഥകള്‍ പറയുന്ന 500ലധികം പുരാതന, കലാ ശേഖരങ്ങള്‍ വിജയകരമായി പുനഃസ്ഥാപിച്ചു. അവയില്‍ ചിലത് 13ാം നൂറ്റാണ്ടിലേതാണ്. ഇതില്‍ നാസ്‌ക് ലിപിയില്‍ എഴുതിയ ഖജര്‍ ഖുര്‍ആന്‍, 500 പേജുള്ള ഒരു സമ്പൂര്‍ണ ഖുര്‍ആന്‍, ഈജിപ്തില്‍ പ്രസിദ്ധീകരിച്ച അല്‍ മര്‍സാദ് മാസിക ലക്കം 31, 1949ലെ അല്‍ കിഫ ദിനപത്രം, 1954ല്‍ പ്രസിദ്ധീകരിച്ച ലക്കം 48 അല്‍ മുവാസഫ് മാസിക, 1937ലെ അല്‍ മുസ്തമ്മ് അല്‍ അറബി ദ്വൈമാസ മാസിക, വാല്യം-4, ലക്കം 1 1943, അല്‍ മസഹാരെ മാസിക, ലക്കം 2, 1931 തുടങ്ങിയവ ഉള്‍പ്പെടുന്നു.