Connect with us

Uae

പുതുവത്സരാഘോഷം: അബൂദബിയില്‍ സമഗ്ര സുരക്ഷാ പദ്ധതി

ഗതാഗതം സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.

Published

|

Last Updated

അബൂദബി | പുതുവത്സരാഘോഷ വേളയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് അബൂദബി പോലീസ് സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു. ഗതാഗതം സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. വിനോദസഞ്ചാര മേഖലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സുരക്ഷിതമായ സാഹചര്യം ഒരുക്കാനാണ് തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് സംയുക്ത സുരക്ഷാ പദ്ധതി വികസിപ്പിച്ചതെന്ന് സെന്‍ട്രല്‍ ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹ്മദ് സൈഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി പറഞ്ഞു.

ആവശ്യമായ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ച് റോഡ് സുരക്ഷ വര്‍ധിപ്പിക്കാന്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. റോഡ് ഉപയോക്താക്കള്‍ ട്രാഫിക് നിയമങ്ങളും വേഗപരിധികളും പാലിക്കാനും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും പോലീസ് അഭ്യര്‍ഥിച്ചു.

വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണം. അശ്രദ്ധമായ ഡ്രൈവിംഗ്, അമിത ശബ്ദം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ അപരിഷ്‌കൃത പെരുമാറ്റങ്ങള്‍ക്കെതിരെയും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

അത്യാധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഉപയോഗിച്ച് പോലീസ് ഓപറേഷന്‍ റൂം സജ്ജീകരിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടറിലെ ഓപറേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേ. ജനറല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരിയും പറഞ്ഞു.

അജ്മാന്‍ പോലീസ്
പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി അജ്മാന്‍ പോലീസ് ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി. ആഘോഷവേളയില്‍ സുരക്ഷയും പൊതു ക്രമവും ഉറപ്പുവരുത്തുന്നതിന് സമഗ്രമായ സുരക്ഷാ ട്രാഫിക് പ്ലാന്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

ആഘോഷ വേളയില്‍ സുരക്ഷയും സുഗമമായ ഗതാഗത ചലനവും ഉറപ്പാക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സമഗ്ര പോലീസ് സ്റ്റേഷന്‍ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേ. ഖാലിദ് മുഹമ്മദ് അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മേധാവികളുടെയും യോഗം ചേര്‍ന്നു. സുരക്ഷയും ക്രമവും ഏര്‍പ്പെടുത്താന്‍ പോലീസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ബ്രിഗേ. അല്‍ നുഐമി പറഞ്ഞു.