uae covide protocol@ new year
പുതുവത്സരാഘോഷം: യു എ ഇ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
കൊവിഡ് പ്രോട്ടോകോള്‍ ലംഘനം പരിശോധിക്കാന്‍ പ്രത്യേക സംഘം
അബുദബി | ക്രിസ്മസ്, പുതുവത്സര ആഘോഷ വേളകളില്‍ പാലിക്കേണ്ട കൊവിഡ് -19 മുന്‍കരുതലുകള്‍ സംബന്ധിച്ച് യു എ ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി ഉത്തരവ് പുറത്തിറക്കി.
ആഘോഷങ്ങള്‍ നടത്തുന്ന വേദികളുടെ പരമാവധി ശേഷിയുടെ 80 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം പാടുള്ളു. പരിപാടിക്കെത്തുന്ന മുഴുവന്‍ പേര്‍ക്കും 96 മണിക്കൂറിനിടയിലെ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. വേദികളിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമായിരിക്കും പ്രവേശനം. വേദികളിലേക്കുള്ള പ്രവേശനം ആള്‍ത്തിരക്ക് ഒഴിവാക്കികൊണ്ടായിരിക്കണം.
ഇതിനായി എല്ലാ പ്രവേശന കവാടങ്ങളിലും ബാരിക്കേഡ് ഏര്‍പ്പെടുത്തണം. മാസ്‌കും സാമൂഹിക അകലവും പാലിക്കണം. ആഘോഷങ്ങള്‍ നടത്തുന്ന വേദികളില്‍ കൃത്യമായ അണുനശീകരണം ഉറപ്പ് വരുത്തണം.
വേദികളുടെ പ്രവേശനകവാടങ്ങള്‍, ശുചിമുറികള്‍ തുടങ്ങിയ ഇടങ്ങളില്‍ സാനിറ്റൈസറുകള്‍ ഉറപ്പ് വരുത്തണം. ഹസ്തദാനം ഒഴിവാക്കണം. ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് ആഘോഷ വേദികളില്‍ ഒരുമിച്ച് ഇരിക്കാവുന്നതാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന സംഘമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.