Connect with us

feature

പുതുവര്‍ഷം വായന

പദ്യ കൃതികളാലും ഗദ്യ കൃതികളാലും സമ്പുഷ്ടമാണ് നമ്മുടെ മലയാളം. പോയ വർഷം എഴുത്തും വായനയും നൽകിയ സന്തോഷവും അനുഭൂതികളും പുതിയ വർഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളും എന്തൊക്കെയാണെന്ന് വായനക്കാരുമായി പങ്കു വെക്കുകയാണ് മലയാളത്തിലെ പ്രശസ്തഎഴുത്തുകാർ. ഇന്നലെ - നാളെ എഴുത്തു വഴികളിലൂടെ ഇവർ...

Published

|

Last Updated

വഴിച്ചെണ്ട നല്‍കിയ സന്തോഷം

2024 ലെ വ്യക്തിപരമായ പ്രധാന നേട്ടമായി പറയാൻ സാധിക്കുന്നത് “വഴിച്ചെണ്ട’ (മാതൃഭൂമി ബുക്‌സ്) എന്ന നോവൽ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചു എന്നതാണ്. കഴിഞ്ഞ ആറേഴുവർഷക്കാലം ഞാനതിന്റെ അധ്വാനത്തിലായിരുന്നു. ഇടയിൽ ചില കഥകളും കുറിപ്പുകളും മറ്റും എഴുതിയെങ്കിലും പ്രധാനപ്പെട്ട ജോലി വഴിച്ചെണ്ടയുടെ പൂർത്തീകരണം തന്നെയായിരുന്നു. അത് നല്ല രീതിയിൽ വായനക്കാർ സ്വീകരിക്കുന്നു എന്നതിലാണ് സന്തോഷം പൂർണമാകുന്നത്.

പഴയതും പുനർവായനയുമായി വായിച്ച പുസ്തകങ്ങൾ എഴുപതിന് മേലെ വരും. അതിൽ ഏറ്റവും സ്പർശിച്ചത് ഏബ്രാഹം വർഗീസ് എഴുതിയ ജലജന്മങ്ങൾ എന്ന നോവലും എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഇന്റലിജെൻസ് എന്ന മാക്‌സ് ബെന്നറ്റ് എഴുതിയ പുസ്തകവുമാണ്. അടുത്തിടെ വന്ന നോവലുകളിൽ ചിലതും വായിക്കാൻ സാധിച്ചവയുടെ കൂട്ടത്തിലുണ്ട്.

അടുത്ത വർഷത്തേക്ക് പുതിയ എഴുത്തുപരിപാടികളൊന്നും ഇപ്പോൾ ആലോചനയിലില്ല. “വഴിച്ചെണ്ട’യുടെ എല്ലാ ഭാരവും ഇറക്കിവെക്കു10ൊന്നതിനായി വായനയിലേക്ക് തിരിയുകയാണ് ചെയ്തിരിക്കുന്നത്. കോവൂരിന്റെ സമ്പൂർണകൃതികളാണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം.

-സുസ്മേഷ് ചന്ദ്രോത്ത്

 

390 രൂപക്ക് ഒരു ലിറ്റർ മിനറൽ വാട്ടർ വാങ്ങി കുടിക്കേണ്ടി വന്നു

ടന്നുപോയത് നല്ല വർഷമായിരുന്നു. വർഷാന്ത്യത്തിലെ കണക്കെടുപ്പ് സാഹിത്യത്തിൽ അസംബന്ധമാണ്. എന്നാലും ചില വായനകൾ, കൃതികൾ, വരികൾ, വാക്കുകൾ ചിന്തകൾ ഒക്കെ എന്തൊക്കെയോ അവശേഷിപ്പിച്ച് പോയിട്ടുണ്ട്. എഴുത്തിലൂടെ വന്നുചേർന്ന ചില മനുഷ്യർ ഏറ്റവും അടുത്ത ചങ്ങാതിമാരായി മാറി. അതിലൊരാളുടെ ക്യാമറയിൽ എന്റെ മുഖം ആയിരത്തി അഞ്ഞൂറിലേറെ തവണ പതിഞ്ഞു. ഈ വർഷം എഴുതിയ ഇനിയും പ്രസിദ്ധീകരിക്കാത്ത ഒരു കഥ അപാരമായ തൃപ്തി നൽകി.

സാഹിത്യവുമായി ബന്ധപ്പെട്ട് കുറച്ച് യാത്രകൾ നടത്തി. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വീണ്ടും വായിച്ചു. ഹാൻ കാങിന്റെ ദ വൈറ്റ് ബുക്കും സാമന്ത ഹാർവിയുടെ ഓർബിറ്റലും വായിച്ചു. നോവലുകളെ കുറിച്ചുള്ള പരമ്പരാഗത ധാരണകൾ മാറ്റിക്കുറിക്കുന്ന ചെറു കൃതികളാണവ. സമയം, കാലം എന്നിവ വർഷത്തെ ചിന്ത മുഴുവൻ നിറഞ്ഞു നിന്നു.

കുറച്ച് പ്രഭാഷണങ്ങൾ ചെയ്തു. ചോല എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. “ഇരു’ ഒരു വർഷം കടന്നു. “അടി’ക്ക് പുതിയ പതിപ്പ് വന്നു. സമ്പർക്ക ക്രാന്തി പത്ത് പതിപ്പ് കടന്നു. 124 എന്ന നോവലിന് ഒ വി വിജയൻ പുരസ്കാരം ലഭിച്ചു.

പത്ത് വർഷം മുമ്പ് എനിക്ക് സാഹിത്യത്തിൽ ഒരിടവും ഉണ്ടായിരുന്നില്ല. 2024 ൽ സാഹിത്യമാണ് എന്റെ മുഖ്യ ഇടം. ജീവിതം കുറച്ചു മാത്രമേ ബാക്കിയുള്ളു എന്ന ചിന്ത പിടികൂടിത്തുടങ്ങി. ഒരുപാട് വായിക്കാനുണ്ട് എന്നും.

അടുത്ത വർഷം ഒരു നോവലും ഒരു ബാലനോവലും പ്രസിദ്ധീകരിക്കാനുണ്ട്. അതിലുപരിയായി സമ്പർക്ക ക്രാന്തിയുടെ ഇംഗ്ലീഷ് പരിഭാഷ വരുന്നുണ്ട്. നന്ദകുമാർ ആണ് വിവർത്തകൻ.
2024 നല്ല വർഷമായിരുന്നു. ബംഗളൂരുവിൽ ഫിനിക്സ് മാളിലെ ഒരു റെസ്റ്റോറന്റിൽ നിന്നും 390 രൂപക്ക് ഒരു ലിറ്റർ മിനറൽ വാട്ടർ വാങ്ങി കുടിക്കേണ്ടി വന്നു എന്നതൊഴിച്ചാൽ.

-വി ഷിനിലാൽ

 

കഥകളെഴുതാനായില്ലെന്ന വിഷമം


ണ്ട് പുസ്തകങ്ങൾ ഈ വർഷം പുറത്തിറങ്ങി. കുട്ടികൾക്ക് വേണ്ടി എഴുതിയ ജാനകി ഉണ്ടാക്കിയ കഥകളും ആദ്യനോവലായ മരണവംശവും. ഇപ്പോഴും ജാനകിയുടെ കഥകൾ വായിക്കപ്പെടുന്നുണ്ടെന്നതിൽ സന്തോഷം. മരണവംശം ജൂണിലാണ് പുറത്തിറങ്ങിയത്. ആദ്യനോവലായത് കൊണ്ടുതന്നെ എങ്ങനെ സ്വീകരിപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ പുറത്തിറങ്ങി ഏഴ് ദിവസത്തിനുള്ളിൽ ആയിരം കോപ്പികൾ വിറ്റുതീർന്ന് രണ്ടാംപതിപ്പിലെത്തി. ഈ രണ്ട് പുസ്തകങ്ങളാണ് ഈ വർഷത്തെ എന്റെ എഴുത്തിന്റെ നീക്കിയിരിപ്പ്. വരുംവർഷവും എഴുത്തിൽ സജീവമാകണമെന്ന് ആഗ്രഹിക്കുന്നു. കഥകളൊന്നും എഴുതാൻ കഴിഞ്ഞില്ലെന്ന വിഷമമുണ്ട്. അതും അടുത്തവർഷം മറികടക്കാൻ കഴിയുമായിരിക്കും. വർക്കും ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ.

-പി വി ഷാജികുമാർ

 

പ്രതീക്ഷ എന്ത് സുന്ദരമാണല്ലേ

ഴുതാൻ കഴിയുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. അവിചാരിതമായി എഴുത്തിലേക്ക് വന്നയാളാണ് ഞാൻ. ചുരുങ്ങിയ സമയം കൊണ്ട് ഒന്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അതൊന്നും ഒത്തിരി പേരുടെ വായനയിലേക്ക് വന്നിട്ടില്ല. ആദ്യ പുസ്തകം പുറത്തിറങ്ങിയത് 2021-ലാണ്. ഇപ്പോഴും അത് വായിച്ച് ഏതെങ്കിലുമൊരു അപരിചിതൻ/ അപരിചിത അഭിപ്രായമറിയിക്കാറുണ്ട്.

വീണ്ടുമെഴുതാനുള്ള പ്രേരണ അത്തരം സത്യസന്ധമായ അഭിപ്രായങ്ങളാണ്. കഴിഞ്ഞ വർഷം കുറച്ചേറെ എഴുതാൻ കഴിഞ്ഞു. അതിനേക്കാൾ വായിക്കാനും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പാപവിമുക്തി എന്ന കഥ എന്നെ സംബന്ധിച്ച് മറക്കാനാകാത്ത ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ചു.

കടപ്പുറത്തെ കാവോതി എന്ന കുട്ടികളുടെ നോവലിന് നന്തനാർ പുരസ്കാരം ലഭിച്ചത് വലിയ സന്തോഷമായിരുന്നു. അതുപോലെ നല്ല കുറച്ച് പുസ്തകങ്ങളും വായിക്കാൻ കഴിഞ്ഞു. ഇസ്താംബുളിലെ ഹറാംപിറപ്പുകൾ, നാൽപ്പത് പ്രണയനിമിഷങ്ങൾ, ആഗസ്റ്റിൽ കാണാം എന്നിങ്ങനെയുള്ള പുസ്തകങ്ങൾ വായിക്കാനായി.
പ്രതിവിഷം എന്ന കഥാസമാഹാരം, രാവണന്റെ മീശ എന്ന കുട്ടികൾക്കുള്ള കഥാസമാഹാരം, കാവോതിയുടെ മുട്ട എന്ന കുട്ടികളുടെ നോവൽ എന്നിവയാണ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.

കുറേ നല്ല പുസ്തകങ്ങൾ വായിക്കാൻ കഴിയണം എന്നതാണ് പുതുവർഷത്തിലെ പ്രധാന പ്രതീക്ഷ. രണ്ട് വർഷത്തിലധികമായി പണി തീർത്തു വെച്ച ആദ്യ നോവൽ ഈ വർഷം പ്രസിദ്ധീകരിക്കപ്പെട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. മാതൃഭൂമിയിൽ നിന്നും ചിന്തയിൽ നിന്നും ബുക്പ്ലസിൽ നിന്നുമായി കഥാസമാഹാരങ്ങൾ വരാനുണ്ട്. പലതിലും പ്രതീക്ഷകളുണ്ട്. പ്രതീക്ഷ എന്ത് സുന്ദരമാണല്ലേ.

-സുഭാഷ് ഒട്ടുംപുറം

 

‘ചാക്കാലക്കളി’യിലൂടെ പുതിയ സൗഹൃദങ്ങളെത്തി


ര്‍ഷം ഒന്നുകൂടി ജീവിതത്തില്‍ നിന്നും മറഞ്ഞു പോകുന്നു. 2024 പൊതുവെ എനിക്ക് നല്ല വര്‍ഷമായിരുന്നു. മധുരമുള്ളൊരു വാര്‍ത്തയുമായിട്ടാണ് അത് ആദ്യമെത്തിയത്. ചിന്ത പബ്ലിഷേഴ്സില്‍നിന്നും പുതിയ കഥാസമാഹാരം ചാക്കാലക്കളി ഇറങ്ങി. തുടക്കത്തിലേയുള്ള ആ സന്തോഷം തുടര്‍ന്നുള്ള എഴുത്തിനും ആവേശം പകര്‍ന്നു. വായനക്കാരുടെ അഭിപ്രായങ്ങളും തൊട്ടുപിന്നാലെയെത്തി. പുതിയ സൗഹൃദങ്ങള്‍ ചാക്കാലക്കളിയിലൂടെ എന്നെ തേടിയെത്തി. നോവലെഴുത്തിലേക്ക് ചുവട് മാറ്റിയ ശേഷം കഥയെഴുത്ത് ചുരുങ്ങി. നാലോ അഞ്ചോ കഥകളാണ് വന്നത്. അതില്‍ മൂന്നും ഓണപ്പതിപ്പുകളിലായിരുന്നു.

അതിനിടയിലാണ് ഒരു അംഗീകാരംകൂടി വന്നെത്തിയത്. അങ്കണം സാംസ്കാരിക വേദിയുടെ സാരഥിയായിരുന്ന അങ്കണം ഷംസുദ്ദീന്‍ ഇക്കയുടെ പേരിലുള്ള അങ്കണം ഷംസുദ്ദീന്‍ തൂലികാശ്രീ പുരസ്കാരം. തൊട്ടുപിന്നാലെ ഇരട്ടി മധുരവുമായി പൂര്‍ണ ഉറൂബ് നോവല്‍ പുരസ്കാരത്തില്‍ രണ്ടാം സ്ഥാനം. അപ്രകാശിത നോവല്‍ മത്സരമായിരുന്നു. ആ നോവല്‍ പൂര്‍ണ വഴി വായനക്കാരിലെത്തുകയും ചെയ്തു. ചക്കാലക്കളി, പച്ചമലക്കാട് അങ്ങനെ രണ്ട് പുസ്തകമെത്തുകയും തീന്‍മേശാപ്രവേശം എന്ന മറ്റൊരു നോവലിന്റെ പുതിയ എഡിഷനെത്തുകയും ചെയ്തു. വായനയില്‍ ഏറെ സന്തോഷം തന്ന വര്‍ഷമായിരുന്നു. കുറെ നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു.

എടുത്തുപറഞ്ഞാല്‍ വിരലിലെണ്ണാവുന്നതിലധികമുണ്ട്. അതുപോലെ തന്നെ നിരാശപ്പെടുത്തിയ പുസ്തകങ്ങളും. പകുതിപോലും വായിച്ച് മുന്നേറാനാകാത്ത നിരവധി പുസ്തകങ്ങളുണ്ട്. കൊട്ടിഘോഷിക്കലുകളില്‍പ്പെട്ട് , പതിപ്പുകളുടെ എണ്ണം കണ്ട് വാങ്ങിയ പുസ്തകങ്ങളൊക്കെ വമ്പന്‍ പരാജയമാണെന്ന സത്യം തിരിച്ചറിഞ്ഞു. പുതിയ വര്‍ഷത്തില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ആഹ്ലാദകരമായ വാര്‍ത്തയുണ്ട്. നോവല്‍ നഗരഗലി ജനുവരിയില്‍ നടക്കുന്ന നിയമസഭാ പുസ്തകോത്സവത്തില്‍വെച്ച് പ്രകാശിതമാകുന്നു. അതിന്റെ സന്തോഷത്തിരയിലാണ് വര്‍ഷം തിരശ്ശീലയിടുന്നത്. പുതിയ വര്‍ഷത്തിലും എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന വിശ്വാസത്തില്‍ എഴുത്തും വായനയും തുടരുന്നു.

-രാജീവ് ജി ഇടവ

 

വർഷാവസാന കണക്കെടുപ്പിന്റെ അർഥശൂന്യത ഭയപ്പെടുത്തുന്നു

2024 ന്റെ അറ്റത്തെത്തി നിൽക്കുമ്പോൾ വർഷാവസാന കണക്കെടുപ്പിന്റെ അർഥശൂന്യത ഭയപ്പെടുത്തുന്നുണ്ട്. ആയുസ്സിന്റെ വൃക്ഷം ഒരില കൂടി കൊഴിച്ച് ആകാശം നോക്കി നിൽക്കുന്നു.
വായനയും എഴുത്തും യാത്രകളും അധ്യാപനവും ഇഷ്ടാനിഷ്ടങ്ങളുടെ വികാരവിചാരങ്ങളും ഇടംവലം നിന്ന് ഒരേ സമയം തല്ലിയും തലോടിയും എന്നെ വഴി നടത്തുന്നു. സത്യത്തിന്റെ വിലയും പൊയ്മുഖങ്ങളുടെ കപടതയും പതിവിലുമേറെ തിരിച്ചറിയാൻ കഴിഞ്ഞ വർഷം. കെട്ടുകാഴ്ചയുടെ പൂരപ്പറമ്പുകളിൽ നിന്ന് അക്ഷരങ്ങളും കൊണ്ടോടി ഏകാന്തതയുടെ വായനാ മൂലയിൽ ഒളിച്ചിരിക്കാൻ തോന്നിയ വർഷമാണ് 2024. ഇംഗ്ലീഷ് കവിതാ സമാഹാരം “One hund red lines of Discords’ വെളിച്ചം കണ്ടത് 2024 ലാണ്. ഡൽഹിയിലെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ ഇന്ത്യൻ ഇംഗ്ലീഷ് പാനലിൽ കവിത അവതരിപ്പിക്കാനായത് അഭിമാനമായി കരുതുന്നു.

ഞങ്ങളുടെ പത്ത് വയസ്സുകാരൻ മകൻ, ജഹാൻ ജോബി എന്റെ അച്ഛന്റെ (പി കെ ഗോപി) “ആത്മം’ എന്ന കവിതാ സമാഹാരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഞങ്ങളെ ഞെട്ടിച്ചത് ഈ വർഷം ആഗസ്റ്റിലാണ്. “soulitude’ എന്ന പേരിൽ പുസ്തകമിറങ്ങിയത് ആനന്ദവും അഭിമാനവുമായി ഓർക്കുന്നു. വായനയുടെ വസന്തകാലം വറ്റാതിരിക്കാൻ 2024ന്റെ തിരക്കുകൾക്കിടയിൽ കിണഞ്ഞു പരിശ്രമിക്കേണ്ടിയിരുന്നു എന്നതാണ് വാസ്തവം. ധാരാളം പുസ്തകങ്ങൾ വാങ്ങാനും വായിക്കാനും അവസരം തന്ന കാലമേ.. നന്ദി.!

-ആര്യാ ഗോപി

Latest