Uae
പുതുവത്സരാഘോഷം; കൊവിഡ് വ്യവസ്ഥകള്‍ കര്‍ശനമാക്കി അബൂദബി
അബൂദബി | ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കൊവിഡ് വ്യവസ്ഥകള്‍ കര്‍ശനമാക്കി അബൂദബി. ആഘോഷ വേദികളില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ പരിധിയുടെ 80 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ. അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതിനു പുറമെ 96 മണിക്കൂറിനകം ലഭിച്ച പി സി ആര്‍ നെഗറ്റീവ് ഫലവും നിര്‍ബന്ധമാണ്. ശരീര താപനില പരിശോധനക്കും സന്ദര്‍ശകര്‍ വിധേയമാകണം. ദേശീയ അത്യാഹിത ദുരന്ത നിവാരണ അതോറിറ്റി വക്താവ് ഡോ. താഹിര്‍ അല്‍ അമീരിയാണ് പുതിയ കൊവിഡ് വ്യവസ്ഥകള്‍ വിശദീകരിച്ചത്.
ആഘോഷ വേദികളിലെ പ്രവേശന കവാടവും പുറത്തുകടക്കാനുള്ള വഴിയും തിരക്കൊഴിവാക്കാന്‍ സഹായിക്കുന്ന ബാരിക്കേഡുകള്‍ കൊണ്ട് നിയന്ത്രിക്കണം. ആളുകള്‍ മുഖാവരണം ധരിക്കുകയും ഒന്നര മീറ്റര്‍ അകലം പാലിക്കുകയും വേണം. ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണം. പ്രവേശന കവാടങ്ങളിലും ശുചിമുറികളിലുമെല്ലാം സാനിറ്റൈസര്‍ ലഭ്യമാക്കണം. ഒരേ കുടുംബത്തിലുള്ളവര്‍ക്ക് സാമൂഹികാകലം പാലിക്കാതെ അടുത്ത് ഇരിക്കാന്‍ അനുവാദമുണ്ട്. സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സംഘാടകര്‍ പരിശോധിക്കണം.