Connect with us

new year celebrations

കൊച്ചിയിലെ പുതുവത്സര ആഘോഷത്തിൽ തിക്കുംതിരക്കും; ചികിത്സ തേടിയത് 100 ഓളം പേർ

വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക് • പരേഡ് മൈതാനിയിലേക്കെത്തിയത് ഒരു ലക്ഷത്തോളം പേർ

Published

|

Last Updated

മട്ടാഞ്ചേരി | സംസ്ഥാനത്തെ പ്രധാന പുതുവത്സരാഘോഷ കേന്ദ്രങ്ങളിലൊന്നായ ഫോർട്ട്‌ കൊച്ചിയിലെ ആഘോഷത്തിൽ കനത്ത ജനത്തിരക്ക്. തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ നൂറോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആഘോഷങ്ങൾ തുടങ്ങുന്നതിന് മുമ്പ് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചെങ്കിലും ആളുകൾ തിരിച്ചുപോകവെ പോലീസിന്റെ നിയന്ത്രണം പാളിയതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്.

ഏകദേശം ഇരുപതിനായിരം പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന പരേഡ് മൈതാനിയിലേക്ക് ഒരു ലക്ഷത്തോളം പേരാണ് ഒഴുകിയെത്തിയത്. പോലീസ് നിയന്ത്രണങ്ങൾക്കായി ഇവിടെ സ്ഥാപിച്ച ബാരിക്കേഡുകൾ ആഘോഷം കഴിഞ്ഞ് മാറ്റാതിരുന്നത് തിരക്ക് വർധിപ്പിച്ചു. ഇതോടെ പരേഡ് മൈതാനിയിൽ നിന്ന് ആളുകൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. തിക്കുംതിരക്കും വർധിച്ചതോടെ നിരവധി പേർക്ക് പരുക്കേറ്റു. പലർക്കും ശ്വാസംമുട്ടലും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു.

നൂറോളം പേരെയാണ് ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ ആവശ്യത്തിന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമില്ലാത്തതിനാൽ എറണാകുളത്തെ
സ്വകാര്യ ആശുപത്രികളിലേക്കും മറ്റും ആളുകളെ മാറ്റി. പുതുവർഷാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷക്ക് മുകളിൽ കിടത്തിയാണ്. തിരക്കിൽപ്പെട്ട് ശ്വാസതടസ്സം അനുഭവപ്പെട്ട യുവതിയെ കിടത്താൻ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോക്ക് മുകളിൽ കിടത്തേണ്ടിവന്നത്. ഇവർക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയതും ഓട്ടോക്ക് മുകളിൽ കിടത്തിയാണ്.

ആഘോഷം കഴിഞ്ഞ് മടങ്ങി പോകുന്നതിന് പുലർച്ചെ മൂന്ന് വരെ ബസ് സർവീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇതുമൂലം സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പെരുവഴിയിലായി. ഇവർ പുലരും വരെ റോഡരികിലും കടത്തിണ്ണകളിലുമാണ് കഴിച്ച് കൂട്ടിയത്.
ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേകളുടെയും വീടുകളുടെയും വളപ്പുകളിലേക്ക് ആളുകൾ തള്ളിക്കയറുന്ന സാഹചര്യവുമുണ്ടായി. റോറോ സർവീസിലേക്ക് ജനം ഇരച്ചുകയറിയത് വലിയ അപകടസാധ്യതയാണ് ഉയർത്തിയത്. ഇവിടെ നിന്ന് രണ്ട് റോറോ സർവീസുകൾ നടത്തണമെന്ന് നിർദേശമുണ്ടായിരുന്നുവെങ്കിലും ഒന്ന് മാത്രമാണ് പ്രവർത്തിച്ചത്.