International
ആക്രമണത്തിലും അതിശൈത്യത്തിലും മരവിച്ച് ഗസ്സയിലെ പുതുവര്‍ഷം
നരനായാട്ടിനൊപ്പം കനത്ത മഴയുമുണ്ടായതോടെ വിവരണാതീതമായ യാതന സഹിച്ച് ഫലസ്തീനികള്‍
ഗസ്സ | ഇസ്റാഈലിന്റെ വംശഹത്യക്കിടെ കനത്ത മഴയിലും കൊടും ശൈത്യത്തിലും മരണത്തെ മുഖാമുഖം കണ്ട് ഫലസ്തീനികള്‍. പുതുവര്‍ഷത്തിലും ഗസ്സാ മുനമ്പിലെ താത്കാലിക കൂടാരങ്ങളില്‍ ആയിരക്കണക്കിന് ഫലസ്തീനികളാണ് വിവരണാതീതമായ യാതന സഹിക്കുന്നത്.
കനത്ത മഴയില്‍ ടെന്റുകളില്‍ വെള്ളം കയറിയതോടെ കൊടും തണുപ്പില്‍ തല ചായ്ക്കാന്‍ പോലുമാകാതെയാണ് കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കമുള്ളവര്‍ കഴിയുന്നത്.
ദാര്‍ അല്‍ ബലാഹ്, മവാസി, ഖാന്‍ യൂനുസ് എന്നിവിടങ്ങളില്‍ താത്കാലിക കൂടാരങ്ങള്‍ കനത്ത കാറ്റില്‍ തകര്‍ന്നു. പല കൂടാരങ്ങളുടെയും മേല്‍ക്കൂരകള്‍ പാറിപ്പോയി. കടല്‍തീരത്തെ കൂടാരങ്ങളിലേക്ക് തിരമാലകള്‍ അടിച്ചുകയറിയതോടെ പിഞ്ചുകുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതരാക്കുമെന്നറിയാതെ ഉമ്മമാര്‍ കണ്ണീരൊഴുക്കുകയാണ്. ശക്തമായ ശൈത്യത്തില്‍ ഹൈപ്പോതെര്‍മിയ ബാധിച്ച് ഏഴാമത്തെ കുഞ്ഞാണ് ഫലസ്തീനില്‍ മരണത്തിന് കീഴടങ്ങിയത്.
ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ താമസിക്കാനായി ബദല്‍ മാര്‍ഗമൊരുക്കാന്‍ സന്നദ്ധ സംഘടനകള്‍ക്കും രക്ഷാദൗത്യ സംഘങ്ങള്‍ക്കുമാകുന്നില്ല.
തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസില്‍ മാത്രം നൂറിലധികം ടെന്റുകളില്‍ വെള്ളം കയറിയതായി ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യു എന്‍ ആര്‍ ഡബ്ല്യു എ അറിയിച്ചു. ഗസ്സയിലെ കടല്‍തീരങ്ങളില്‍ താത്കാലിക കൂടാരങ്ങളില്‍ അഞ്ഞൂറോളം കുടുംബങ്ങളാണ് കഴിയുന്നത്. കഴിഞ്ഞ 14 മാസങ്ങളായി പിഞ്ഞിയതും ദ്വാരം വീണതുമായ കൂടാരങ്ങളിലാണ് ഗസ്സാ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ കഴിയുന്നത്.
പുതുവര്‍ഷത്തില്‍ കുട്ടികളുള്‍പ്പെടെ 14 ഫലസ്തീനികളെ ഇസ്‌റാഈല്‍ ഇതുവരെ കൊലപ്പെടുത്തി. ബൈത്ത് ലഹിയയില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ദമ്പതികളും അവരുടെ നാല് പെണ്‍മക്കളുമാണ് കൊല്ലപ്പെട്ടത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ തുല്‍ക്കറമില്‍ കവചിത വാഹനങ്ങളുമായി ഇസ്‌റാഈല്‍ സൈന്യം ഇരച്ചുകയറി. തുല്‍ക്കറമിന് തെക്ക് ഫറൂന്‍ നഗരത്തില്‍ ആക്രമണം നടത്തി.