Connect with us

t20worldcup

അഫ്ഗാനോട് ന്യൂസിലാന്‍ഡ് തോറ്റാല്‍ വലിയ ചോദ്യങ്ങള്‍ ഉയരും; ഇന്ത്യയും പാക്കിസ്ഥാനും ഇനിയും നേര്‍ക്ക് നേര്‍ വരുന്നത് നല്ലതേ വരുത്തൂവെന്നും അക്തര്‍

ഇന്ത്യ പുറത്താവുകയാണെങ്കില്‍ അത് നിരാശാജനകമായിരിക്കും. അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ അത് വളരെ വൈകിപ്പോയ ശേഷമാണെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

കറാച്ചി | ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ 12 മത്സരത്തില്‍ ന്യൂസിലാന്‍ഡ് അഫ്ഗാനിസ്ഥാനോട് തോറ്റാല്‍ വലിയ ചോദ്യങ്ങള്‍ ഉയരുമെന്ന് മുന്‍ പാക് ഇതിഹാസ താരം ശോയിബ് അക്തര്‍. താന്‍ ഒരു വിവാദത്തിന് താത്പര്യപ്പെടുന്നില്ലെന്നും എന്നാല്‍ അഫ്ഗാനോട് ന്യൂസിലാന്‍ഡ് തോറ്റ് ഇന്ത്യയുടെ സെമി സാധ്യത നിലനിര്‍ത്തുകയും ചെയ്താല്‍ അത് വലിയ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച അബൂദബിയിലാണ് ന്യൂസിലാന്‍ഡ് അഫ്ഗാനിസ്ഥാന്‍ പോരാട്ടം. വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ജയിക്കുകയാണെങ്കില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാക്കിസ്ഥാനൊപ്പം സെമിയില്‍ കയറാന്‍ സാധിക്കും. എന്നാല്‍ അഫ്ഗാനാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യക്കൊപ്പം അഫ്ഗാന്റെയും സെമി സാധ്യത സജീവമാവും. പിന്നീട് നെറ്റ് റണ്‍റേറ്റിലായിരിക്കും പാക്കിസ്ഥാന് ശേഷമുള്ള സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.

പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് ന്യൂസിലാന്‍ഡിന്റെ കാര്യത്തില്‍ വലിയ വൈകാരികത ഉണ്ടെന്നും അവര്‍ അഫ്ഗാനെതിരെ ജയിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ അര് എന്ത് പറയുന്നു എന്നതിനെ തടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യയുടെ തുടര്‍ വിജയങ്ങള്‍ ടൂര്‍ണമെന്റിനെ സജീവമാക്കിയിട്ടുണ്ടെന്നും ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടാനുള്ള വിദൂര സാധ്യതയെങ്കിലും ഉണ്ടെന്നും അത് ക്രിക്കറ്റിന് നല്ലതേ വരുത്തൂ എന്നും അക്തര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ പുറത്താവുകയാണെങ്കില്‍ അത് നിരാശാജനകമായിരിക്കും. അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ അത് വളരെ വൈകിപ്പോയ ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

Latest