Kerala
നവവധുവിന് മര്‍ദനമേറ്റ സംഭവം: യുവതിക്ക് നിയമസഹായമുള്‍പ്പെടെ നല്‍കുമെന്ന് ആരോഗ്യ മന്ത്രി
യുവതിക്ക് മാനസിക പിന്തുണയെന്ന നിലയില്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും.
തിരുവനന്തപുരം | നവവധുവിന് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ നിയമസഹായമുള്‍പ്പെടെ നല്‍കുമെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ യുവതിയുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തുകയുമുണ്ടായി. യുവതിക്ക് മാനസിക പിന്തുണയെന്ന നിലയില്‍ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും.
അതിക്രൂരവും മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ കൃത്യമാണ് നടന്നിരിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് പന്തീരാങ്കാവിലാണ് നവവധുവിന് ഭര്‍ത്താവില്‍ നിന്ന് ക്രൂര മര്‍ദനമേറ്റത്. ഇന്നലെയാണ് ഈ വിവരം വധുവിന്റെ വീട്ടുകാര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് രാഹുലിനെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുത്തു.
മെയ് അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരാഴ്ചക്കു ശേഷം രാഹുലിന്റെ വീട്ടിലേക്ക് സത്കാരത്തിനായി വധുവിന്റെ കുടുംബം എത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തിലെ പരുക്കുകള്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റ വിവരം യുവതി വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ യുവതിയുമായി കുടുംബം പന്തീരാങ്കാവ് പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.