National
ന്യൂസ് ക്ലിക്ക് കേസ്:മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം;ഡല്‍ഹി പോലീസിന് സുപ്രീംകോടതി നോട്ടീസ്
നിരവധി അന്വേഷണ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നതിനിടെയാണ് ഹരജിയില്‍ ഡല്‍ഹി പോലീസിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
ന്യൂഡല്‍ഹി| ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഡല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ രണ്ട് ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ഡല്‍ഹി പോലീസിന്റെ വിശദീകരണം ആവശ്യമാണെന്ന് ചൂണ്ടികാണിച്ചാണ് മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി നോട്ടീസ് നല്‍കിയത്.
ഹരജികള്‍ ഒക്ടോബര്‍ 30ന് വീണ്ടും പരിഗണിക്കും. യുഎപിഎ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ഹരജികളിലെ ആവശ്യം. നിരവധി അന്വേഷണ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നതിനിടെയാണ് ഹരജിയില്‍ ഡല്‍ഹി പോലീസിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. നേരത്തെ ഡല്‍ഹി ഹൈക്കോടതി സമാനമായ ഹരജി തള്ളിയിരുന്നു. ന്യൂസ് ക്ലിക്കിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്.
71 വയസ് കഴിഞ്ഞ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ത ജയിലിലാണെന്നും അടിയന്തരമായി കേസ് പരിഗണിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഒരാഴ്ച സുപ്രീം കോടതി അവധിയാണ്. അവധിക്കുശേഷം ഹരജി പരിഗണിക്കാമെന്നും ഡല്‍ഹി പോലീസിന്റെ വിശദീകരണം ആവശ്യമാണെന്നും സുപ്രീംകോടതി അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്കിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയത്.