National
ന്യൂസ് ക്ലിക്ക് കേസ്: പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി
പ്രബീര്‍ പുരകായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ന്യൂഡല്‍ഹി|ന്യൂസ് ക്ലിക്ക് കേസില്‍ പ്രബീര്‍ പുരകായസ്തയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത ഡല്‍ഹി പോലീസ് നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. വാര്‍ത്താ പോര്‍ട്ടല്‍ ആയ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും, എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ചൈനീസ് ബന്ധം ആരോപിച്ച് നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയാണ് പുര്‍കായസ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇത് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ നടപടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിരന്തര വിമര്‍ശകരായിരുന്നു ന്യൂസ് ക്ലിക്ക്. 2023 ഒക്ടോബര്‍ മൂന്നിനാണ് ഡല്‍ഹി പോലീസ് പുരകായസ്തയെ അറസ്റ്റ് ചെയ്തത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പറയുന്നത്. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം നടന്നെന്നാണ് ആരോപണം.