Editorial
ആശാസ്യമല്ല അധ്യാപകലോകത്ത് നിന്നുള്ള വാര്‍ത്തകള്‍
ഗുരുവിന്റെ കണ്ണോടെ മാത്രം വിദ്യാര്‍ഥി സമൂഹത്തെ നോക്കിക്കാണുന്നവര്‍ എത്ര ശതമാനമുണ്ട് ഇന്നത്തെ അധ്യാപക സമൂഹത്തില്‍. മികച്ച ഭാവി ലക്ഷ്യമാക്കി, വിദ്യാലയങ്ങളിലേക്കയക്കുന്ന നിഷ്‌കളങ്ക ബാല്യങ്ങളെയും യുവത്വങ്ങളെയും പല വിധേനയും ചൂഷണം ചെയ്യുന്നവരാണ് ഇന്നത്തെ അധ്യാപകരില്‍ ഒരു വിഭാഗം.
വിദ്യാര്‍ഥിനികള്‍ അധ്യാപകരുടെ ലൈംഗിക പീഡനത്തിനിരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ദിനംപ്രതിയെന്നോണം ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നു. ഒരു സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കാസര്‍കോട്ട് രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ദിവസമാണ്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് സ്ഥാപനത്തിലെ അസി. പ്രൊഫസര്‍ ഫെബ്രുവരി 28ന് അറസ്റ്റിലായി. കരാട്ടെ പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതിന് വാഴക്കാട് ഊര്‍ക്കടവ് സ്വദേശിയായ അധ്യാപകന്‍ അറസ്റ്റിലായതും അടുത്തിടെയാണ്. ലൈംഗികച്ചുവയോടെ മോശമായി പെരുമാറുകയും മോശമായ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തെന്ന വിദ്യാര്‍ഥിനികളുടെ പരാതിയില്‍ നിയമ നടപടികള്‍ക്കു വിധേയമായിരിക്കുകയാണ് ചെമ്പഴന്തി എസ് എന്‍ കോളജിലെ ഒരു അധ്യാപകന്‍. കണ്ണൂര്‍ പയ്യാവൂരിലെ സ്വകാര്യ സ്‌കൂളില്‍ എട്ട് വിദ്യാര്‍ഥിനികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതിയുയര്‍ന്നത്.
പവിത്രമായ ഗുരു-ശിഷ്യ ബന്ധങ്ങളുടെ കഥകളാണ് മുന്‍കാലങ്ങളില്‍ പൊതുവെ പറഞ്ഞു കേട്ടിരുന്നത്. വിദ്യാര്‍ഥികളെ സ്വന്തം മക്കളെപ്പോലെ കണ്ട് മനസ്സറിഞ്ഞു സ്നേഹിക്കുകയും ധാര്‍മിക വഴിത്താരയിലൂടെ നയിക്കുകയും ചെയ്യുന്ന അധ്യാപകരുടെ കഥകള്‍. മലീമസവും കളങ്കിതവുമായ ബന്ധങ്ങളുടെ കഥകളാണ് ഇക്കാലത്ത് പുറത്തു വരുന്നവയില്‍ ഏറെയും. കേവലം ഒരു ജീവിതോപാധി അല്ലെങ്കില്‍ തൊഴിലെന്നതിലുപരി മഹത്വം കല്‍പ്പിക്കുന്നുണ്ട് അധ്യാപനവൃത്തിക്ക് സമൂഹവും ഭരണകൂടങ്ങളും. പാഠപുസ്തകങ്ങളിലെ അറിവുകള്‍ പകര്‍ന്ന് അക്കാദമിക നിലവാരം വര്‍ധിപ്പിക്കുക മാത്രമല്ല, ശിഷ്യരുടെ സ്വഭാവരൂപവത്കരണത്തില്‍ നിസ്സീമ പങ്ക് വഹിക്കാന്‍ കൂടി ബാധ്യതപ്പെട്ടവരാണ് അധ്യാപകര്‍. വിദ്യാഭ്യാസ കാലഘട്ടത്തില്‍ രക്ഷിതാക്കളോടൊപ്പം ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം അധ്യാപകരോടൊപ്പമാണ് വിദ്യാര്‍ഥികള്‍ ചെലവിടുന്നത്. അതുകൊണ്ട് ഒരു രക്ഷാകര്‍ത്താവിന്റെ റോള്‍ കൂടിയുണ്ട് അധ്യാപകരില്‍. ‘ഇരുട്ട് അകറ്റുന്നവന്‍’ എന്ന അര്‍ഥവുമുണ്ടല്ലോ ഗുരു എന്ന പദത്തിന്. ഇത് സാധ്യമാകണമെങ്കില്‍ സത്യസന്ധത, നിസ്വാര്‍ഥത, ധാര്‍മികത തുടങ്ങിയ ഗുണങ്ങള്‍ മേളിച്ചിരിക്കണം അധ്യാപകരില്‍. ആത്മാര്‍ഥമായി വിദ്യാര്‍ഥികളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കിയാകണം അവര്‍ പ്രവര്‍ത്തിക്കേണ്ടത്. പാഠ്യ വിഷയങ്ങള്‍ക്കപ്പുറം ധാര്‍മികവും സാംസ്‌കാരികവും സാമൂഹികവുമായ വളര്‍ച്ചയിലേക്കും വികാസത്തിലേക്കും കൈപിടിച്ചുയര്‍ത്താന്‍ അവര്‍ക്ക് സാധിക്കണം. അധ്യാപകന്റെ നോട്ടം, സംസാരം, പെരുമാറ്റം, അച്ചടക്കം തുടങ്ങിയവയെല്ലാം കുട്ടികളില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ മാതൃകാ ദീപങ്ങളായി ജ്വലിച്ചു നില്‍ക്കണം അവര്‍ എപ്പോഴും. ഹിതകരമല്ലാത്ത നോട്ടമോ സ്പര്‍ശമോ മറ്റു പ്രവൃത്തികളോ ഒരിക്കലും വിദ്യാര്‍ഥികളോട് കാണിക്കരുത്. ശിഷ്യരുടെ ബഹുമാനവും ആദരവും ആര്‍ജിക്കുന്ന വിധം ജീവിതശുദ്ധി കാത്തുസൂക്ഷിക്കണം. ശിഷ്യകളെ ലൈംഗികാരാജകത്വത്തിലേക്ക് തള്ളിവിടുകയല്ല, ലൈംഗിക വിശുദ്ധി പുലര്‍ത്താന്‍ പഠിപ്പിക്കുകയാണ് അവര്‍ ചെയ്യേണ്ടത്.
എന്നാല്‍ ഈ നിലവാരത്തിലേക്കുയര്‍ന്നവര്‍, ഗുരുവിന്റെ കണ്ണോടെ മാത്രം വിദ്യാര്‍ഥി സമൂഹത്തെ നോക്കിക്കാണുകയും സമീപിക്കുകയും ചെയ്യുന്നവര്‍ എത്ര ശതമാനമുണ്ട് ഇന്നത്തെ അധ്യാപക സമൂഹത്തില്‍. മികച്ച ഭാവിയും സ്വഭാവരൂപത്കരണവും ലക്ഷ്യമാക്കി, അധ്യാപകരില്‍ വിശ്വാസമര്‍പ്പിച്ച് രക്ഷിതാക്കള്‍ വിദ്യാലയങ്ങളിലേക്കയക്കുന്ന നിഷ്‌കളങ്ക ബാല്യങ്ങളെയും യുവത്വങ്ങളെയും പല വിധേനയും ചൂഷണം ചെയ്യുന്നവരാണ് ഇന്നത്തെ അധ്യാപകരില്‍ ഒരു വിഭാഗം. ഭക്ഷണ ക്രമത്തിലും മറ്റും സംഭവിച്ച മാറ്റങ്ങളുടെ ഫലമായി കുട്ടികള്‍ വിശിഷ്യാ ബാലികമാര്‍ ഇന്ന് ചെറുപ്രായത്തില്‍ തന്നെ ശാരീരികമായ വളര്‍ച്ച കൈവരിക്കുന്നു.
ഇതിനനുസൃതമായി മാനസിക വളര്‍ച്ച കൈവരിക്കുന്നുമില്ല. ഇതുമൂലം വിദ്യാര്‍ഥിനികളെ എളുപ്പത്തില്‍ ചൂഷണത്തിനു വിധേയമാക്കാന്‍ സാധിക്കുന്നു. സ്റ്റഡി ടൂറിന്റെയും വാര്‍ഷികാഘോഷ പരിശീലനങ്ങളുടെയും മറവിലും മറ്റും ഇത്തരം ചൂഷണങ്ങള്‍ വ്യാപകമാണ്. വിദ്യാര്‍ഥികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടോ എന്ന് കണ്ടെത്താനും ലൈംഗിക വിഷയത്തില്‍ ശരിയായ അറിവു പകരാനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സലിംഗ് ക്ലാസ്സുകള്‍ നടക്കുന്നുണ്ടെങ്കിലും അധ്യാപകരെ ഭയന്ന് മിക്ക വിദ്യാര്‍ഥികളും കാര്യങ്ങള്‍ തുറന്നു പറയാന്‍ മുന്നോട്ടു വരുന്നില്ല. അധ്യാപക മനസ്സുകളിലെ ഈ ജീര്‍ണത ഒരു ആഗോള പ്രതിഭാസമാണ്. അധ്യാപക- വിദ്യാര്‍ഥി ലൈംഗിക ബന്ധങ്ങള്‍ നിരുത്സാഹപ്പെടുത്താനും വിദ്യാര്‍ഥികള്‍ക്കു നേരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയാനും പ്രസിദ്ധമായ കേംബ്രിഡ്ജ് സര്‍വകലാശാല അടക്കം പല വിദേശ സ്ഥാപനങ്ങളും ചട്ടങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങളില്‍ വന്നുചേര്‍ന്ന ഈ ജീര്‍ണതയും അപചയവും കുട്ടികളുടെ അക്കാദമിക് നിലവാരത്തെ മാത്രമല്ല സ്വഭാവ രൂപവത്കരണത്തെയും വ്യക്തിത്വ വികാസത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ശിഷ്യരെ ലൈംഗികമായോ സാമ്പത്തികമായോ ചൂഷണം ചെയ്യുന്നവരും സാംസ്‌കാരിക ജീര്‍ണതകളിലേക്കു നയിക്കുന്നവരും ഗുരു, അധ്യാപകന്‍ തുടങ്ങിയ വിശേഷണത്തിന് അര്‍ഹരല്ല. വിവിധ പരിശീലന കോഴ്സുകള്‍ കഴിഞ്ഞാണ് അധ്യാപകര്‍ സ്‌കൂളുകളിലേക്ക് കയറി വരുന്നത്. ഈ പരിശീലനങ്ങളത്രയും അധ്യാപനവുമായി ബന്ധപ്പെട്ടതാണ്. അധ്യാപകരില്‍ ധാര്‍മിക ബോധവും സദാചാര ചിന്തകളും വളര്‍ത്താന്‍, ജീവിതവിശുദ്ധിയിലേക്ക് കൂടി നയിക്കാന്‍ സഹായകമായ രീതിയില്‍ പൊളിച്ചെഴുതേണ്ടതുണ്ട് ഇത്തരം പരിശീലന കോഴ്സുകള്‍