Kerala
കെ എസ് ആര്‍ ടി സി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസ് പുറംകരാറിലേക്ക് എന്ന വാര്‍ത്ത വസ്തുതാവിരുദ്ധം
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിനും കെ എസ് ആര്‍ ടി സിക്ക് അധിക വരുമാനം സമാഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നിയമപരമായ രീതിയില്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്.

പത്തനംതിട്ട | കെ എസ് ആര്‍ ടി സി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസ്’ പുറം കരാറിലേക്ക് എന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് കെ എസ് ആര്‍ ടി സി. കുറഞ്ഞ കാലയളവില്‍ തന്നെ കെ എസ് ആര്‍ ടി സിയുടെ ഈ സംവിധാനത്തെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. നിലവിലുള്ള സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇത്രയും ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമമായ സേവനം നല്‍കുന്നതിന് മതിയാകാതെ വന്നു. ഇതിന്റെ ഭാഗമായാണ് വിജയകരമായി ലോജിസ്റ്റിക്സ് സര്‍വീസുകള്‍ നടത്തിവരുന്ന അന്യസംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളുടെ മാതൃക പിന്തുടര്‍ന്ന് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്കായി നിയമപരമായി ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്.
നിലവില്‍ ഡിപ്പോകളിലെ ലോജിസ്റ്റിക്സ് കൗണ്ടറുകളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, ഉപഭോക്താക്കള്‍ക്ക് ഡോര്‍ ഡെലിവറി സൗകര്യം ഉറപ്പാക്കുക എന്നീ നടപടികള്‍ക്ക് മാത്രമായാണ് ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്. കെ എസ് ആര്‍ ടി സിയുടെ തന്നെ ലോജിസ്റ്റിക്സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തന്നെയായിരിക്കും സാധനങ്ങള്‍ അയക്കുന്നതും സ്വീകരിക്കുന്നതും. ഓരോ ദിവസത്തെയും ലോജിസ്റ്റിക്സ് വരുമാനം കരാര്‍ കരസ്ഥമാക്കുന്ന ഏജന്‍സി കെ എസ് ആര്‍ ടി സി യിലേക്ക് ഒടുക്കുകയും ആയത് ക്രോഡീകരിച്ച് വരുമാനത്തിന്റെ നിശ്ചിത വിഹിതം പ്രതിമാസം ടെണ്ടര്‍ കരസ്ഥമാക്കുന്ന ഏജന്‍സിക്ക് നല്‍കുകയും ചെയ്യുന്ന രീതിയിലാണ് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിനും കെ എസ് ആര്‍ ടി സിക്ക് അധിക വരുമാനം സമാഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നിയമപരമായ രീതിയില്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. വസ്തുത ഇതായിരിക്കെ, കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സേവനം സ്വകാര്യവത്കരിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്ത തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണെന്ന് കെ എസ് ആര്‍ ടി സി മാനേജിങ് ഡയറക്ടറുടെ ഓഫീസ് വ്യക്തമാക്കി.