First Gear
ടാറ്റയുടെ ജനപ്രിയ മോഡലായി നെക്‌സോണ്‍; വില്‍പനയില്‍ 89 ശതമാനം വളര്‍ച്ച
ബ്രാന്‍ഡിന്റെ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ നെക്‌സോണാണ്.
ന്യൂഡല്‍ഹി| ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനമാണ് നിര്‍മാതാക്കാളായ ടാറ്റ മോട്ടോര്‍സ് നടത്തുന്നത്. വിവിധ സെഗ്മെന്റുകളിലേക്ക് മോഡലുകള്‍ എത്തിയതോടെ വില്‍പ്പന കുതിച്ചുയര്‍ന്നിട്ടുമുണ്ട്. വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തായിരുന്ന ടാറ്റ, 2021 ഡിസംബര്‍ അവസാനത്തോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയെ പിന്നിലാക്കുകയും ചെയ്തു.
വിവിധ വിഭാഗങ്ങളിലായി നിരവധി ജനപ്രിയ മോഡലുകള്‍ ഉണ്ടെങ്കിലും ബ്രാന്‍ഡിന്റെ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ നെക്‌സോണാണ്. 2021 ഡിസംബറില്‍, നിര്‍മാതാവ് മൊത്തം 12,899 യൂണിറ്റ് നെക്‌സോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുവെന്നാണ് വ്യക്തമാക്കുന്നത്. നെക്‌സോണ്‍ ആ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കോംപാക്ട് എസ് യുവിയായി മാറുകയും ചെയ്തു. 2020 വര്‍ഷത്തിലെ ഇതേ മാസത്തെ എസ് യുവിയുടെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ഇത് 88.72 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കാണിക്കുന്നത്. 2020 ഡിസംബറില്‍ 6,835 യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍പ്പന.
2021 നവംബറില്‍ മൊത്തം 10,096 യൂണിറ്റുകള്‍ ടാറ്റ നെക്‌സോണ്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പന നടത്തിയിട്ടുണ്ട്. ഇത് 2021 ഡിസംബറിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 27.76 ശതമാനത്തിന്റെ പ്രതിമാസ വില്‍പ്പന വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. ടാറ്റ നെക്സോണിന് മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളുണ്ട് – പെട്രോള്‍ യൂണിറ്റ്, ഡീസല്‍ യൂണിറ്റ്, ഒരു ഇലക്ട്രിക് യൂണിറ്റ്. നിലവില്‍, ടാറ്റ നെക്‌സോണിന്റെ പെട്രോള്‍ പതിപ്പിന് 7.39 ലക്ഷം രൂപ മുതല്‍ 12.04 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഡീസല്‍ പതിപ്പിന് 9.69 ലക്ഷം രൂപ മുതല്‍ 13.34 ലക്ഷം രൂപ വരെയുമാണ് വില. ഇലക്ട്രിക് പതിപ്പിലേക്ക് വന്നാല്‍ ഇതിന്റെ പ്രാരംഭ പതിപ്പിന് 14.29 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 16.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്.