Connect with us

ആത്മായനം

റയ്യാൻ കവാടത്തിനു ചാരെ

ജഡികേച്ഛയോടുള്ള സമരമാണ് നോമ്പ്. വിശപ്പ്, ദാഹം, ലൈംഗിക താത്പര്യം തുടങ്ങിയ ശാരീരിക ചോദനകളോടുള്ള ഉപരോധത്തിലൂടെ ആത്മീയമായ അതിജീവനം വിശ്വാസികൾ സാധ്യമാക്കുന്നു. ചലനങ്ങളിലും നിശ്ചലനങ്ങളിലും സംസാരത്തിലും കേൾവിയിലും കാഴ്ചയിലും ആലോചനകളിലും മറ്റേതു കാലത്തെക്കാളും ഗൗരവതരമായ ജാഗ്രത റമസാനിൽ ഉണ്ടാകണം. അരുതാത്തത് ആലോചിക്കാനും പ്രവർത്തിക്കാനും കേൾക്കാനും കാണാനും പാടില്ല. നന്മകൾക്ക് ശതമടങ്ങ് പ്രതിഫലം ലഭിക്കുന്ന പോലെ തിന്മകൾക്കും അത്ര തന്നെ തിക്തഫലമനുഭവിക്കേണ്ടി വരുമെന്നത് തന്നെ കാരണം. ജാഗ്രതയോടെ ജീവിക്കുന്നവരാവുക (മുത്തഖി) എന്നതാണ് നോമ്പിന്റെ കാമ്പ്.

Published

|

Last Updated

രു റമസാൻ കൂടി ആസ്വദിക്കാൻ അവസരം തന്ന ലോക രക്ഷിതാവിന് ഉൾവേരിൽ നിന്ന് നന്ദി അർപ്പിക്കുന്നു. ഈ അർപ്പണത്തിന് എനിക്ക് ജീവും ശേഷിയും തന്നതിന് മറ്റൊരു നന്ദിയും. ഇതിന് മറ്റൊന്ന്. അങ്ങനെയങ്ങനെ പരമകാരുണികനോടുള്ള നന്ദിയർപ്പണം അനവരതം കണ്ണി മുറിയാതെ നീണ്ടു നീണ്ട് പോകും. ഇത്ര കാലം വിശ്വാസികൾ റമസാൻ ചോദിച്ചു വാങ്ങുന്ന പ്രാർഥനകളിലായിരുന്നു. റമസാൻ പുൽകാൻ ചിലർക്ക് ഭാഗ്യമുണ്ടായി.

ചിലർ റമസാൻ വരും മുന്നേ പൊലിഞ്ഞു പോയി. അനേകമനേകം നന്മകളുടെ അമൂല്യ രത്നങ്ങൾ പതിച്ചു വെച്ച റമസാനിനെ ഉള്ളിലാവാഹിച്ച് ചൈതന്യമുള്ള ഹൃദയത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളാകണം ഇനിയുള്ള ഓരോ നേരവും. മനുഷ്യർക്ക് മാർഗദർശനമായ ഖുർആനടക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങളും ഏടുകളും ഏറെയും റമസാനിലാണ് അവതീർണമായത്. പിശാചുക്കളെ കെട്ടിയിട്ട ഈ നേരത്ത് ജഡികേച്ഛകളെ ആരാധിച്ച് പൈശാചിക മനുഷ്യരാവുന്ന ദാരുണമായ അവസ്ഥയെ നമ്മൾ കരുതിയിരിക്കണം.

ജഡികേച്ഛയോടുള്ള സമരമാണ് നോമ്പ്. വിശപ്പ്, ദാഹം, ലൈംഗിക താത്പര്യം തുടങ്ങിയ ശാരീരിക ചോദനകളോടുള്ള ഉപരോധത്തിലൂടെ ആത്മീയമായ അതിജീവനം വിശ്വാസികൾ സാധ്യമാക്കുന്നു. ചലനങ്ങളിലും നിശ്ചലനങ്ങളിലും സംസാരത്തിലും കേൾവിയിലും കാഴ്ചയിലും ആലോചനകളിലും മറ്റേതു കാലത്തെക്കാളും ഗൗരവതരമായ ജാഗ്രത റമസാനിൽ ഉണ്ടാകണം. അരുതാത്തത് ആലോചിക്കാനും പ്രവർത്തിക്കാനും കേൾക്കാനും കാണാനും പാടില്ല. നന്മകൾക്ക് ശതമടങ്ങ് പ്രതിഫലം ലഭിക്കുന്ന പോലെ തിന്മകൾക്കും അത്ര തന്നെ തിക്തഫലമനുഭവിക്കേണ്ടി വരുമെന്നത് തന്നെ കാരണം. ജാഗ്രതയോടെ ജീവിക്കുന്നവരാവുക (മുത്തഖി) എന്നതാണ് നോമ്പിന്റെ കാമ്പ്. സൂറ: ബഖറ183 ആ കാര്യത്തെ അടിവരയിടുന്നുമുണ്ട്.

ഇമാം ഇബ്നുൽ ഖയ്യിം അൽജൗസി(റ) ഈ ആയത്ത് വിശദീകരിക്കുന്നതിങ്ങനെയാണ്. “ആത്യന്തികമായ സൗഭാഗ്യവും സുഖവും ആർജിക്കുന്നതിന് സന്നദ്ധനാക്കുക, മനുഷ്യൻ ശാശ്വതമായ ജീവിത വിജയത്തിനാവശ്യമായ പരിശുദ്ധിയാർജിക്കുക, അവന്റെ ദേഹേച്ഛകളെ നിയന്ത്രിക്കുക, ശീലങ്ങളുമായുള്ള അവയുടെ ബന്ധം വിഛേദിക്കുക, വൈകാരികത ക്രമീകരിക്കുക എന്നിവയാണ് ലക്ഷ്യം.

നോമ്പ് വിശപ്പും ദാഹവും വികാരത്തിന്റെ മൂർച്ചയും നിയന്ത്രിക്കുന്നു. അത് വിശക്കുന്ന പാവങ്ങളുടെ അവസ്ഥയെപ്പറ്റി ബോധമുളവാക്കുകയും മനുഷ്യരുടെ അവയവങ്ങളെ അവയുടെ പ്രകൃതിയനുസരിച്ച് പ്രവർത്തിക്കാൻ വിടാത്തതിനാൽ ഇഹലോകത്തും പരലോകത്തും അവന് ദോഷം ചെയ്യുന്ന മാർഗത്തിൽ അഴിഞ്ഞാടുന്നതിനെ തടയുകയും ചെയ്യുന്നു. ഓരോ അവയവത്തെയും ശാന്തമാക്കുകയും അതിന്റെ ശക്തിയെ തളച്ചിടുകയും കടിഞ്ഞാണിടുകയും ചെയ്യുന്നു. അപ്പോൾ നോമ്പ് ഭക്തന്മാരുടെ കടിഞ്ഞാണും യോദ്ധാക്കളുടെ പരിചയും പുണ്യവാന്മാരുടെയും ദൈവസാമീപ്യം സിദ്ധിച്ചവരുടെയും സാധനയുമാകുന്നു. (സാദുൽ മആദ് 2/28).നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം കൊടുക്കുന്നത് നാമാണ് എന്ന അല്ലാഹുവിന്റെ വചനം നോമ്പിന് ദൈവസന്നിധിയിലുള്ള പ്രാധാന്യത്തെയും അഗണ്യമായ പ്രതിഫലത്തെയും വിളിച്ചോതുന്നുണ്ട്.

നോന്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് നോമ്പ് തുറക്കുമ്പോഴാണ്. വൈവിധ്യങ്ങളായ വിഭവങ്ങൾ കണ്ടതിന്റെ സന്തോഷമല്ലിത്. മറിച്ച്, ദൈവിക കൽപ്പനയെ അനുസരിക്കാൻ ആവുംവിധം സാധിച്ചല്ലോ എന്ന സന്തോഷമാണ്. ആ നിമിഷവും വിശ്വാസിയിൽ ദൈവസ്മൃതികളാണ് മുളപൊട്ടുക. നിന്റെ തൃപ്തിക്കു വേണ്ടി ഞാൻ നോമ്പെടുത്തു വിശപ്പടങ്ങി ഞരമ്പുകളിലെല്ലാം നനവു പടർന്നു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലവുമുറച്ചു എന്നർഥമുള്ള ദിക്റ് നോമ്പുതുറ വേളയിൽ ഉരുവിടുന്നതും ആ സന്തോഷത്തിലാണ്.

രണ്ടാമത്തേത്, അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷമാണ്. ബൃഹത്തായ പ്രതിഫലങ്ങളിൽ ഏറ്റവും മൂല്യമുള്ളത് ആ തിരുദർശനത്തിനത്രേ. ആ സമയത്ത് നോമ്പും അവന് ശിപാർശകനായുണ്ടാകും. “നാഥാ പകലുകളിൽ ആഹാരത്തിൽ നിന്നും കാമവികാരങ്ങളിൽ നിന്നും ഞാൻ അവനെ തടഞ്ഞു, അതിനാൽ അവന്റെ കാര്യത്തിൽ എന്റെ ശിപാർശ നീ സ്വീകരിക്കണേ’ എന്ന് നോമ്പ് അല്ലാഹുവിങ്കൽ പറയുകയും ചെയ്യും. തെളിഞ്ഞ ഹൃദയമുള്ളവർക്കാണ് ദൈവിക ദർശനം സാധ്യമാകുക. പ്രതിരോധിച്ചും വിശ്വാസമുറപ്പിച്ചും നോമ്പ് നോൽക്കുന്നവരുടെ സർവപാപങ്ങളും പൊറുക്കുക വഴി ആ തലം പ്രാപിക്കാൻ അവർക്ക് സാധിക്കുകയും ചെയ്യുന്നു.

സഹൃദയരേ… വിത്തിട്ടു നനച്ച കാലങ്ങൾ തീർന്നു. ഇത് കൊയ്ത്തുകാലമാണ്. എന്നാലും, ഞാനൊരു വിത്തും നട്ടില്ലല്ലോ എന്ന് കരുതി പിറകോട്ടടിക്കുകയും വേണ്ട. നന്മകൾ ഓരോന്നായി നട്ട് ശീലമാക്കിയാൽ അതിനും കായ്ഫലമുണ്ടാകും. ഫർളും സുന്നത്തുമായ ജമാഅത്ത് നിസ്കാരവും വ്രതാനുഷ്ഠാനവും ഖുർആൻ പാരായണവും ദിക്റും സ്വലാത്തും ദാന ധർമങ്ങളും പുഞ്ചിരിയും നല്ല സംസാരങ്ങളും അന്നം നൽകലും സാന്ത്വന പ്രവർത്തനങ്ങളുമായി ഈ ദിനങ്ങളെ നമുക്കാഘോഷിക്കാം. റയ്യാൻ നമ്മെ കാത്തിരിപ്പുണ്ട്. അല്ലാഹു സഹായിക്കട്ടെ.

Latest