Kerala
നെയ്യാറ്റിന്‍കര സമാധി; ഗോപന്റെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്ക്
അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധനാഫലം ലഭിക്കണമെന്നും ഫോറന്‍സിക് വിഭാഗം
തിരുവനന്തപുരം| സമാധി കേസില്‍ കല്ലറ പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നു, പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധനാഫലം ലഭിക്കണമെന്നും ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ 17നായിരുന്നു ഗോപന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത് പോസ്റ്റുമോട്ടത്തിന് അയച്ചത്. നടപടികള്‍ക്കുശേഷം വീണ്ടും മൃതദേഹം സംസ്‌കരിച്ചു. പോലീസ് പൊളിച്ച പഴയ കല്ലറക്ക് സമീപം തന്നെയാണ് പുതിയ കല്ലറ തീര്‍ത്ത് സംസ്‌കാരം നടത്തിയത്. സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ഗോപന്റെ രണ്ട് മക്കളും ചടങ്ങുകളില്‍ പങ്കെടുത്തു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ഗോപന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്ന ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചിരുന്നു.