Kerala
ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് എന്‍എച്ച്എം ഡയറക്ടര്‍; ചര്‍ച്ച ഉച്ചയ്ക്ക് 12.30ന്
ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ല. ചര്‍ച്ചയ്ക്ക് വിളിച്ചതിനെ സ്വാഗതം ചെയ്യുന്നെന്നും ആശാ വര്‍ക്കര്‍മാര്‍.

തിരുവനന്തപുരം| നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം കടുപ്പിക്കാന്‍ തീരുമാനിച്ച ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് എന്‍എച്ച്എം ഡയറക്ടര്‍. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച. സമര സമിതി പ്രസിഡന്റ് വി കെ സദാനന്ദന്‍, വൈസ് പ്രസിഡന്റ് എസ് മിനി, മറ്റു രണ്ട് ആശ വര്‍ക്കര്‍മാര്‍ എന്നിവരായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിനെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തു. ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ല. ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.
ആശവര്‍ക്കര്‍മാരുടെ സമരം 38ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് ഇന്ന് വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസില്‍ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. മിനിമം കൂലി, പെന്‍ഷന്‍, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്റീവ്, ഫിക്‌സ്ഡ് ഓണറേറിയം എന്നീ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്.