National
ഹൈദരാബാദ് ജയിലില്‍ നിന്ന് 4 പിഎഫ്‌ഐ അംഗങ്ങളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു
ചോദ്യം ചെയ്യുന്നതിനായി പ്രതികളെ മദാപൂരിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുപോയി.
ഹൈദരാബാദ്| പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) നിരോധനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നാല് പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് സാഹിദ്, സമിയുദ്ദീന്‍, മാസ് ഹുസൈന്‍, കലീം എന്നിവരെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വര്‍ഷം ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ മദാപൂരിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുപോയി. മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കി പരിശീലനം നല്‍കിയെന്നാരോപിച്ച് തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 20ല്‍ അധികം പിഎഫ്‌ഐ പ്രവര്‍ത്തകരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 11 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. മാര്‍ച്ച് 16ന് അഞ്ച് പ്രതികള്‍ക്കെതിരെ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
മുസ്ലിം യുവാക്കളെ പ്രകോപിപ്പിക്കുകയും തീവ്രവാദികളാക്കി അവരെ റിക്രൂട്ട് ചെയ്യുകയും പ്രത്യേകമായി സംഘടിപ്പിച്ച പരിശീലന ക്യാമ്പുകളില്‍ ആയുധ പരിശീലനം നല്‍കുകയും ചെയ്തു എന്ന കുറ്റമാണ് പിഎഫ്‌ഐ അംഗങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.