elathur train burning
ട്രെയിൻ തീവെപ്പ് കേസ് എൻ ഐ എ ഏറ്റെടുത്തു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ എൻ ഐ എ കേസ് ഏറ്റെടുക്കും.
കോഴിക്കോട് | എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻ ഐ എ ഏറ്റെടുത്തു. എൻ ഐ എ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
പിടിയിലായ പ്രതി ഡൽഹി സ്വദേശി ഷാരൂഖ് സെയ്ഫിക്കെതിരെ പോലീസ് യു എ പി എ ചുമത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് എൻ ഐ എ കേസ് ഏറ്റെടുത്തത്. സെയ്ഫി തീവ്രവാദ ചിന്തകളില്‍ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എ ഡി ജി പി. എം ആര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രതി തീവ്ര സ്വഭാവമുള്ള ആളാണ്. കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി കൃത്യം നടത്തിയത്. ഇദ്ദേഹം തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എ ഡി ജി പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഷാരൂഖിന് സാക്കിര്‍ നായിക്ക്, ഇസ്രാ അഹമ്മദ് തുടങ്ങിയവരുടെ ആക്രമണോത്സുക വീഡിയോകള്‍ സ്ഥിരമായി കാണുന്ന ശീലമുണ്ട്. പ്രതി വരുന്ന സ്ഥലവും (ഷഹീന്‍ബാഗ്) അവിടുത്തെ പ്രത്യേകതകളും എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും എ ഡി ജി പി പറഞ്ഞു.
കുറ്റകൃത്യം ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. അത് ശരിവെക്കുന്ന തെളിവുകളും ഇതിനകം അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇയാൾ കേരളത്തിലെത്തിയത്. തീവ്രവാദ ബന്ധങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തില്‍ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യു എ പി എ(നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തിയത്. കേരളത്തില്‍ എത്തിയ ശേഷം ഷാരൂഖിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം വിപുലമായി അന്വേഷിക്കും.
റെയിൽവേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്. മറ്റ് സംസ്ഥാനങ്ങളിലടക്കം വിശദമായ അന്വേഷണം നടത്തി. അവിടങ്ങളിലെ പോലീസുമായും കേന്ദ്ര ഏജന്‍സികളുമായും അന്വേഷണം നടത്തി. കിട്ടിയ എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് യു എ പി എ ചുമത്തിയത്. രണ്ടാഴ്ചക്കുള്ളില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ സംഘം കണ്ടെത്തി. പ്രതിക്ക് സഹായം ലഭിച്ചോയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ പോലീസ് അന്വേഷണം ശാസ്ത്രീയമായിരുന്നു. എല്ലാ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. വളരെ വിപുലമായി അന്വേഷിക്കേണ്ട കേസാണിത്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. പ്രതി ആദ്യമായാണ് കേരളത്തിലെത്തിയതെന്നാണ് മനസ്സിലാകുന്നത്. ഷാരൂഖിന് 27 വയസ്സാണെന്നും പ്ലസ് ടു വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും നാഷനല്‍ ഓപണ്‍ സ്‌കൂളിലാണ് പഠിച്ചതെന്നും എ ഡി ജി പി പറഞ്ഞു. അതിനിടെ, ഡൽഹിയിൽ എത്തിയ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മടങ്ങി. എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മടങ്ങിയത്.