Kerala
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്; അഞ്ച് പേർ കസ്റ്റഡിയിൽ
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങള്‍, മേഖല ഭാരവാഹികള്‍, കായിക, ആയുധ പരിശീലകര്‍, ആയുധ പരിശീലനം ലഭിച്ചവർ എന്നിവരുള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകൾ അടക്കം 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

തിരുവനന്തപുരം | നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) നടത്തിയ റെയ്ഡിൽ അഞ്ച് പേർ കസ്റ്റഡിയിൽ. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്ക്, തിരുവനന്തപുരം വിതുരയിലെ നേതാവിന്റെ വസതിയിൽ നടത്തിയ റെയ്‌ഡിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുൽഫി, സഹോദരൻ സുധീർ, ജോലിക്കാരനായ കരമന സ്വദേശി സലീം എന്നിവരാണ് പിടിയിലായത്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങള്‍, മേഖല ഭാരവാഹികള്‍, കായിക, ആയുധ പരിശീലകര്‍, ആയുധ പരിശീലനം ലഭിച്ചവർ എന്നിവരുള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകൾ അടക്കം 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. തീവ്രവാദ പ്രവർത്തനത്തിന്‍റെ പേരില്‍ കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
എറണാകുളം റൂറലില്‍ 13 ഇടങ്ങളിലായിരുന്നു പരിശോധന. ആലപ്പുഴയില്‍ നാലും തിരുവനന്തപുരത്ത് മൂന്നും ഇടങ്ങളില്‍ പരിശോധന നടന്നു. മലപ്പുറത്ത് നാലിടത്തും പത്തനംതിട്ടയില്‍ മൂന്നിടത്തുമായിരുന്നു റെയഡ്. കൊല്ലത്തും കോഴിക്കോട്ടും രണ്ടിടങ്ങളിൽ പരിശോധന നടത്തി. പാലക്കാട് മണ്ണാര്‍ക്കാടും പരിശോധന നടന്നു.
പരിശോധനയില്‍ വിവിധ സ്ഥലങ്ങളിൽ നിന്ന് ആയുധങ്ങളും മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഇടുക്കിയും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും പുലര്‍ച്ചെ രണ്ടു മണി മുതല്‍ പരിശോധന ആരംഭിച്ചു.
ഡല്‍ഹിയില്‍ നിന്നെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എൻഐഎ ഡിവൈഎസ്പി: ആർ.കെ.പാണ്ടെ റെയ്ഡിന് നേതൃത്വം നൽകി. പിഎഫ്ഐയുടെ നിരോധനത്തിന് ശേഷം ഇതാദ്യമായാണ് എന്‍ഐഎ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. നിരോധിച്ചതിന് ശേഷവും പോപ്പുലർ ഫ്രണ്ട് രഹസ്യമായി പ്രവര്‍ത്തനം തുടരുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു റെയ്ഡ്.