Kerala
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്; ഒരാൾ കസ്റ്റഡിയിൽ
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകൾ അടക്കം 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
തിരുവനന്തപുരം | നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്. സംസ്ഥാനവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകൾ അടക്കം 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എറണാകുളത്ത് പന്ത്രണ്ടും ആലപ്പുഴയില്‍ നാലും തിരുവനന്തപുരത്ത് മൂന്നും ഇടങ്ങളില്‍ പരിശോധന തുടരുകയാണ്. മലപ്പുറത്ത് നാലിടത്തും പത്തനംതിട്ടയില്‍ മൂന്നിടത്തും പരിശോധന നടക്കുന്നു. കൊല്ലത്തും കോഴിക്കോട്ടും രണ്ടിടങ്ങളിലാണ് പരിശോധന. പാലക്കാട് മണ്ണാര്‍ക്കാടും പരിശോധന നടക്കുന്നു.
നിരോധിച്ചതിന് ശേഷവും പോപ്പുലർ ഫ്രണ്ട് രഹസ്യമായി പ്രവര്‍ത്തനം തുടരുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നത്. പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ്. നേതാക്കളുടെ വീടുകളിലും പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇടങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ. ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചതെന്നാണ് സൂചന.
പത്തനംതിട്ടയില്‍ സംസ്ഥാനക്കമ്മിറ്റി അംഗമായിരുന്ന നിസാറിന്‍റെ വീട്ടില്‍ പരിശോധന നടത്തി. മുന്‍പ് അറസ്റ്റിലായ ദേശീയ പ്രസിഡന്‍റ് ഒഎംഎ സലാമിന്‍റെ സഹോദരന്‍റെ വീട്ടിലും പരിശോധന നടന്നു. എടവനക്കാട് സ്വദേശി മുബാറക്ക് എന്നയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുബാറക്കിനെ വിശദമായ ചോദ്യംചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചു.
തിരുവനന്തപുരത്ത് നെടുമങ്ങാട്, തോന്നയ്ക്കല്‍, പള്ളിച്ചല്‍ പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയില്‍ ആലുവ, എടവനക്കാട്, വൈപ്പിന്‍ പ്രദേശങ്ങളിലും ആലപ്പുഴയില്‍ ചന്തിരൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും കോഴിക്കോട് കുറ്റിക്കാട്ടൂരിലും നാദാപുരത്തും പരിശോധന നടക്കുകയാണ്.