Connect with us

night curfew

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഇന്ന് മുതൽ

അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം. പുതുവത്സര ആഘോഷങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കാനാണ് ജനുവരി രണ്ട് വരെ നാല് ദിവസം രാത്രി നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. നാളെ നടത്തുന്ന പുതുവത്സരാഘോഷങ്ങൾ രാത്രി പത്തിന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി നിലവിലുള്ള അമ്പത് ശതമാനമായി തുടരും.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ വിന്യസിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. കൊവിഡ് പടരുന്ന സ്ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനും ഇത്തരം സ്ഥലങ്ങളെ നിയന്ത്രിത പ്രദേശങ്ങളായി പരിഗണിച്ച് നടപടികൾ ശക്തിപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോൺ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

ദേവാലയങ്ങളിലടക്കം ആൾക്കൂട്ടം പാടില്ല; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം
തിരുവനന്തപുരം | സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഇന്ന് മുതൽ നാല് ദിവസം രാത്രികാല പരിപാടികൾ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇന്ന് മുതൽ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കമുള്ള ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ല.