punnol haridasan murder
ഒളിവില്‍ നിജില്‍ ഉപയോഗിച്ചത് രേഷ്മയുടെ മകളുടെ സിം കാര്‍ഡ്
നിജില്‍ ദാസിന് രേഷ്മയില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചു
കണ്ണൂര്‍ | മാഹി പുന്നോലിലെ സി പി എം പ്രവര്‍ത്തകനായഹരിദാസിനെ കൊന്ന കേസിലെ പ്രതിയായ ആര്‍ എസ് എസ് നേതാവ് നിജില്‍ ദാസിന് അധ്യാപികയായ രേഷ്മ കൂടുതല്‍ സഹായം ചെയ്തതിന് തെളിവുകള്‍ പുറത്ത്. പിണറായി പാണ്ട്യാലമുക്കിലെ വീട് ഒളിക്കാന്‍ നല്‍കിയതിന് പുറമെ സ്വന്തം മകളുടെ മൊബൈല്‍ സിം കാര്‍ഡും രേഷ്മ നിജില്‍ദാസിന് നല്‍കിയതായാണ് വിവരം. ഈ സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു നിജില്‍ കുടുംബത്തിനെയടക്കം വിളിച്ചിരുന്നത്.
രേഷ്മയുടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളുടെ പേരിലുള്ള സിം കാര്‍ഡാണ് നിജില്‍ ദാസിന് നല്‍കിയത്. ഈ സിം ഉപയോഗിച്ച് നിജില്‍ നിരവധി തവണ ഭാര്യയെ വിളിച്ചിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിജിലും രേഷ്മയും ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വധക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് നിജില്‍ ദാസിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നിജില്‍ ദാസും രേഷ്മയും തമ്മില്‍ ഒരു വര്‍ഷത്തെ ബന്ധമുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. തലശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച രേഷ്മ ഇപ്പോള്‍ അണ്ടലൂരിലെ വീട്ടിലാണുള്ളത്.