unesco global learning city
യുനെസ്‌കോ ആഗോള ലേണിംഗ് സിറ്റിയിൽ നിലമ്പൂരും തൃശൂരും
ഇത്തരമൊരു പദവി രാജ്യത്ത് ആദ്യം
നിലമ്പൂർ | ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനെസ്‌കോ ആഗോള ലേണിംഗ് സിറ്റി ശൃംഖലയിൽ കേരളത്തിൽ നിന്ന് നിലമ്പൂരിനെയും തൃശൂരിനെയും തിരഞ്ഞെടുത്തു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ശിപാർശയെ തുടർന്നാണ് രണ്ട് നഗരങ്ങൾക്ക് ഈ പദവി ലഭിച്ചത്.
ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഇത്തരമൊരു പദവി യുനെസ്‌കോയിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യുനെസ്‌കോ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. നിലമ്പൂരിൽ പി വി അബ്ദുൽ വഹാബ് എം പി ചെയർമാനായ ജൻ ശിക്ഷൺ സൻസ്ഥാനാണ് നോഡൽ ഏജൻസി. ഇവരുടെ നേതൃത്വത്തിൽ നഗരസഭയുമായി സഹകരിച്ച് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
നഗരസഭാ ചെയർമാൻ അധ്യക്ഷനായ വിപുലമായ സംഘാടക സമിതി ഇതിനായി രൂപവത്കരിക്കും. നാല് വർഷം കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം പറഞ്ഞു. ഓണം കഴിഞ്ഞാൽ വിപുലമായ സംഘാടക സമിതി വിളിച്ചു ചേർക്കും. ജെ എസ് എസുമായി സഹകരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ “നോളജ് ഷെയറിംഗ്’ സാധ്യമാക്കാനും വിദ്യാഭ്യാസ സാങ്കേതിക മേഖലയിൽ ആഗോളതലത്തിൽ നിലമ്പൂരിനെയും തൃശൂരിനെയും കേന്ദ്ര സ്ഥാനമാക്കി മാറ്റാനും (എജ്യുക്കേഷൻ ടെക്‌നോളജി ഹബ്) പദ്ധതി വിഭാവനം ചെയ്യുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്തും ടെക്‌നോളജിയിലും സ്റ്റാർട്ടപ്പുകളിലും ചെറുപ്പക്കാർക്ക് തൊഴിൽ സാധ്യതകളും അവസരങ്ങളും ഉണ്ടാക്കാനുള്ള സ്ഥാപന സംവിധാനം രൂപവത്കരിക്കും. ലൈബ്രറികളുടെ ആധുനികവത്കരണം, കമ്മ്യൂണിറ്റി ലേണിംഗ് സെന്ററുകൾ സ്ഥാപിക്കൽ, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവക്ക് സൗകര്യമൊരുക്കൽ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. വാറങ്കൽ ആണ് വിദ്യാഭ്യാസ മന്ത്രാലയം ശിപാർശ ചെയ്ത ഇന്ത്യയിലെ മറ്റൊരു നഗരം.
വിജ്ഞാനത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുന്നതിലേക്കുള്ള ഒരു പ്രധാന പടിയാണ് ലേണിംഗ് സിറ്റി. കേരളത്തിലെ എല്ലാ അറിവുകളും വൈദഗ്ധ്യങ്ങളും പങ്കുവെക്കാനും അവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഏകോപിപ്പിക്കാനും പദ്ധതികളുണ്ട്. ഓരോ കോർപറേഷൻ, മുനിസിപ്പാലിറ്റിക്കുമുള്ള പ്രത്യേകതകളെ അടിസ്ഥാനമാക്കി അതതു പ്രദേശങ്ങളെ വിജ്ഞാന കേന്ദ്രങ്ങളാക്കി വികസിപ്പിക്കും. വിവിധ നഗരങ്ങൾക്കായുള്ള പദ്ധതികൾ യുനെസ്‌കോക്കും മറ്റ് അന്താരാഷ്ട്ര ഏജൻസികൾക്കും സമർപ്പിക്കും. നിലമ്പൂരിൽ പ്രധാനമന്ത്രിയുടെ ദത്തെടുക്കൽ ഗ്രാമം പദ്ധതിയുടെ നോഡൽ ഏജൻസി ജെ എസ് എസ് ആണ്. തൃശൂരിൽ സർക്കാർ പരിശീലന ഏജൻസിയായ കിലയാണ് നോഡൽ ഏജൻസി.