From the print
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: അൻവറിന്റെ നീക്കങ്ങൾ കോൺഗ്രസ്സിന് തലവേദന
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലെന്ന നിലയിൽ രാഷ്ട്രീയ പ്രാധാന്യം ഏറെ

മലപ്പുറം | നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേരിടുന്നത് വൻ രാഷ്ട്രീയ പ്രതിസന്ധി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ തിരഞ്ഞെടുപ്പെന്ന നിലയിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. അതുകൊണ്ട് തന്നെ ഇരുമുന്നണികൾക്കും ഇതൊരു സമരപോരാട്ടമാണ്. ഡി സി സി പ്രസിഡന്റ് വി എസ് ജോയി, കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരിൽ ആരെ കളത്തിലിറക്കണമെന്നതാണ് കോൺഗ്രസ്സ്് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി.
വി എസ് ജോയിയെ മത്സരിപ്പിക്കണമെന്ന പി വി അൻവറിന്റെ ചരടുവലികളാണ് നിലവിൽ കോൺഗ്രസ്സിന് തലവേദനയുണ്ടാക്കുന്നത്. സ്വന്തം തട്ടകത്തിൽ സീറ്റ് വേണമെന്ന ശക്തമായ ആവശ്യവുമായി ആര്യാടൻ ഷൗക്കത്തും കളത്തിലുണ്ട്. വി എസ് ജോയിയെയല്ലാതെ മറ്റൊരു സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന അൻവറിന്റെ സമ്മർദം തൃണമൂൽ കോൺഗ്രസ്സിന്റെ യു ഡി എഫ് പ്രവേശവും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ്.
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാലും 2026ലെ തിരഞ്ഞെടുപ്പിൽ നിലമ്പൂർ സീറ്റിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് വി എസ് ജോയി അൻവറിന് ഉറപ്പേകിയതായാണ് അണിയറ വർത്തമാനം. അതേസമയം ആര്യാടൻ ഷൗക്കത്ത് വിജയിച്ചാൽ നിലമ്പൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് അൻവർ കണക്കുകൂട്ടുന്നു. ബദ്ധവൈരികളായതിനാൽ വിജയശേഷം ഷൗക്കത്ത് തന്നെ അംഗീകരിക്കില്ല. നിലമ്പൂരിലെ തന്റെ പ്രാധാന്യത്തിന് കോട്ടം തട്ടുമോയെന്നും അൻവർ ഭയക്കുന്നുണ്ട്. ഇക്കാരണങ്ങളാലാണ് അൻവർ, ജോയിക്കായി സമ്മർദം ശക്തമാക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ആര്യാടൻ ഷൗക്കത്ത് അൻവറിന്റെ വീട്ടിലെത്തി അനുനയ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.
ദേശീയ സാഹചര്യം കൂടി പരിഗണിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ്സിന്റെ യു ഡി എഫ് പ്രവേശനം അത്ര സുഗമമായിരിക്കില്ലെന്ന ബോധ്യം അൻവറിനുണ്ട്. യു ഡി എഫ് പ്രവേശനം ഉപതിരഞ്ഞെടുപ്പിന് മുമ്പ് സാധ്യമായില്ലെങ്കിൽ പിന്നീട് വലിയ കടമ്പകൾ താണ്ടേണ്ടി വരും. ഇത് തിരിച്ചറിഞ്ഞാണ് അൻവറിന്റെ സമ്മർദനീക്കമെന്നാണ് കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. അൻവറിന്റെ ഈ നീക്കങ്ങൾക്ക് മുസ്‌ലിം ലീഗിന്റെ പിന്തുണയുണ്ടെന്നാണ് പറയപ്പെടുന്നത്. കോൺഗ്രസ്സ് ആരെ സ്ഥാനാർഥിയാക്കിയാലും ലീഗ് പിന്തുണക്കുമെങ്കിലും ജോയിയോടാണ് ലീഗിന്റെ ചായ്‌വ്.
അതേസമയം, കോൺഗ്രസ്സിലെ പാളയത്തിൽ പടയിൽ നോട്ടമിട്ട എൽ ഡി എഫ് ഇതുവരെ സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്നിട്ടില്ല. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണമായിരിക്കുമെന്നത് സി പി എം നേരത്തേ തന്നെ സൂചന നൽകിയിരുന്നു. അത് കോൺഗ്രസ്സിൽ നിന്ന് തന്നെയാകുമോയെന്നാണ് അറിയേണ്ടത്. ജോയിയോ ഷൗക്കത്തോ യു ഡി എഫ് സ്ഥാനാർഥി എന്നറിഞ്ഞാലേ ഇടത് സ്ഥാനാർഥി പ്രഖ്യാപനം വരൂവെന്നാണ് വിലയിരുത്തൽ.
2021ൽ നിലമ്പൂർ സീറ്റ് വി വി പ്രകാശിനായി വിട്ടുകൊടുത്തപ്പോൾ അടുത്ത തവണ സ്ഥാനാർഥിയാക്കുമെന്ന് പാർട്ടി ഉറപ്പേകിയിരുന്നെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ അവകാശവാദം. ഇത് മുന്നിൽ കണ്ട് താഴെത്തട്ടിലടക്കം സംഘടനാപ്രവർത്തനം ഷൗക്കത്ത് ശക്തമാക്കി വരികയാണ്. ഇങ്ങനെ പ്രവർത്തിച്ച് മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുമ്പോൾ സീറ്റ് ലഭിക്കാതെ പോയാൽ ഷൗക്കത്ത് മറ്റൊരു തീരുമാനത്തിലേക്കെത്തും. ഇത് കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഷൗക്കത്തിന്റെ ഈ രാഷ്ട്രീയനീക്കത്തിനാണ് സി പി എമ്മും കാത്തിരിക്കുന്നത്.
ജില്ലയിലെ എ ഗ്രൂപ്പ് നേതാവെന്ന പ്രതീതിയും മുസ്‌ലിം ലീഗുമായി നേരത്തേ ഉണ്ടായിരുന്ന വാക്‌പോരുകളും 2016ലെ തിരഞ്ഞെടുപ്പ് പരാജയവുമെല്ലാം ആര്യാടൻ ഷൗക്കത്തിന് പ്രതികൂലമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ആര്യാടൻ മുഹമ്മദിനെതിരെയും മകൻ ഷൗക്കത്തിനെതിരെയും നിശിത വിമർശം ഉന്നയിച്ചാണ് 2016ൽ അൻവർ നിലമ്പൂരിൽ മത്സരിച്ചതും വിജയിച്ചതും. എൽ ഡി എഫ് വിടുന്നത് വരെ അൻവറും ഷൗക്കത്തും ബദ്ധവൈരികളായാണ് കഴിഞ്ഞിരുന്നത്.
ഇതുകൊണ്ടൊക്കെ തന്നെയാണ് ഷൗക്കത്ത് വേണ്ടെന്ന നിലപാട് അൻവർ കടുപ്പിക്കുന്നതും. ഇങ്ങനെ അൻവർ ഒരു ഭാഗത്തിരുന്ന് സ്ഥാനാർഥി നിർണയത്തിൽ സമ്മർദതന്ത്രം ഉപയോഗിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് കോൺഗ്രസ്സ് നേതൃത്വമാണ്. പ്രതിസന്ധി രൂക്ഷമായാൽ ജോയിയെയും ഷൗക്കത്തിനെയും വെട്ടി മൂന്നാമതൊരാളിലേക്ക് സ്ഥാനാർഥി ലിസ്റ്റ് പോയേക്കാമെന്ന സൂചനയും കോൺഗ്രസ്സ്് നേതൃത്വം നൽകുന്നുണ്ട്.