Kerala
നിലേശ്വരം പൊട്ടിത്തെറി; 15 പേരുടെ പരിക്ക് ഗുരുതരവും അഞ്ചു പേരുടെ നില അതീവ ഗുരുതരവും
തിക്കിലും തിരക്കിലും പലരും വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കി. സംഭവത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്
കാസര്‍കോട് | നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവരില്‍ 15 പേരുടെ പരിക്ക് ഗുരുതരവും അഞ്ചു പേരുടെ നില അതീവ ഗുരുതരവും. ഇവര്‍ വെറ്റിലേറ്ററിലാണ്.
പൊട്ടിച്ച മലപ്പടക്കത്തില്‍ നിന്നുള്ള തീപ്പൊരി അടുത്തുള്ള പടക്ക ശേഖരത്തിലേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കി. സംഭവത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്.
മംഗളൂരു എജെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത് 21 പേരാണ്. ഇതില്‍ എട്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. എട്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്നും അതീവ ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
30% വരെ പൊള്ളലേറ്റവരുണ്ട്. അവരെ ആണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്.
കോഴിക്കോട് മിംസില്‍ ആറു പേരാണ് ചികിത്സയിലുളളത്. നാലു പേര്‍ വെന്റിലേറ്ററിലാണ്. ഷിബിന്‍ രാജ് , ബിജു, വിഷ്ണു, രതീഷ് എന്നിവരാണ് വെന്റിലേറ്ററിലുളളത്. കണ്ണൂര്‍ മിംസില്‍ 25 പേര്‍ ചികിത്സയിലുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ചു പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 24 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് ബേബി മെമ്മോറിയലില്‍ ചികിത്സയിലുളള രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്‍പ പ്രതികരിച്ചു. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണം പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. പൊട്ടിത്തെറിയില്‍ പോലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണെന്നും പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.