Kerala
നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
കാസര്‍കോട് | നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപ്പിടിച്ച് 154 പേര്‍ക്കാണ് പരുക്കേറ്റത്.പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് വഴി വച്ചതെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവര്‍ കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്