Connect with us

Kerala

നീലേശ്വരം വെടിക്കെട്ടപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കി

അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വിധി ജില്ലാ സെഷന്‍സ് കോടതി സ്റ്റേ ചെയ്തു.

Published

|

Last Updated

കാഞ്ഞങ്ങാട് | നീലേശ്വരത്ത് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വിധി ജില്ലാ സെഷന്‍സ് കോടതി സ്റ്റേ ചെയ്തു.

കേസിലെ ഒന്നും രണ്ടു പ്രതികളായ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍, കെ ടി ഭരതന്‍, ഏഴാം പ്രതി പടക്കം പൊട്ടിച്ച പി രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. സ്വമേധയാ കേസെടുത്താണ് കോടതിയുടെ നടപടി.

റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ലെങ്കില്‍ വിടേണ്ടതില്ലെന്ന് ജില്ലാ സെഷന്‍സ് ജഡ്ജി സാനു എസ് പണിക്കര്‍ ഉത്തരവിട്ടു. പുറത്തിറങ്ങിയവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു.

കേസില്‍ ഒമ്പത് പ്രതികളുണ്ട്. ഇവരില്‍ നാലുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് വെടിക്കെട്ടപകടം ഉണ്ടായത്. സ്‌ഫോടനത്തില്‍ 200 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കഴിഞ്ഞ ശനിയാഴ്ച മരണപ്പെടുകയും ചെയ്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ആണ് മരിച്ചത്.

 

 

 

 

 

Latest