National
നിമിഷപ്രിയയുടെ മോചനം; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
ജയില്‍ അധികൃതര്‍ക്ക് വധശിക്ഷയ്ക്കുള്ള അറിയിപ്പ് വന്നുവെന്ന നിമിഷ പ്രിയയുടെ സന്ദേശം ഗൗരവമായി എടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍.

ന്യൂഡല്‍ഹി | യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. ജയില്‍ അധികൃതര്‍ക്ക് വധശിക്ഷയ്ക്കുള്ള അറിയിപ്പ് വന്നുവെന്ന നിമിഷ പ്രിയയുടെ സന്ദേശം ഗൗരവമായി എടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ദീപാ ജോസഫ് പറഞ്ഞു. ചിലപ്പോള്‍, ഈദിനു ശേഷം വധശിക്ഷ നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചേക്കാം. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മോചനത്തിനായി അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇനി കേന്ദ്രത്തിന് മാത്രമേ ഇക്കാര്യത്തില്‍ സഹായിക്കാനാകൂവെന്നും ദീപാ ജോസഫ് വ്യക്തമാക്കി.
ഇന്നലെയാണ് നിമിഷ പ്രിയയുടെ സന്ദേശം പുറത്തുവരുന്നത്. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് സന്ദേശത്തിലുള്ളത്. നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ഇതുസംബന്ധിച്ച ശബ്ദ സന്ദേശം ലഭിച്ചത്.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് 2017 ജൂലൈയില്‍ നിമിഷപ്രിയ അറസ്റ്റിലായത്. 2018 മുതല്‍ യെമനിലെ സെന്‍ട്രല്‍ ജയിലിലാണ്. 2020ലാണ് കോടതി വധശിക്ഷ വിധിച്ചത്. പിന്നീട് നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു.