National
നിമിഷപ്രിയയുടെ മോചനം; ഹൂതി ഗ്രൂപ്പ് പ്രതിനിധിയുമായി ചര്‍ച്ച നടത്തി ഇറാന്‍
യെമനിലെ കൂടുതല്‍ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചര്‍ച്ചകള്‍ക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്.

തെഹ്‌റാന്‍ | യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചന വിഷയവുമായി ബന്ധപ്പെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ചര്‍ച്ച നടത്തി ഇറാന്‍. ഹൂതി നേതാവ് അബ്ദുല്‍ സലാമും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ഷിയും തമ്മിലാണ് ചര്‍ച്ച നടത്തിയത്.
മസ്‌കത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് അബ്ബാസ് അരാഗ്ഷി, ഹൂതി നേതാവിനെ കണ്ടത്. നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്‌തെന്നും വിഷയത്തില്‍ സാധ്യമായത് ചെയ്യുമെന്നും അബ്ദുല്‍ സലാം പറഞ്ഞതായി ഇറാന്‍ വിദേശകാര്യ മന്ത്രി ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വിഷയത്തില്‍ യെമനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുമ്പ് അറിയിച്ചിരുന്നു. യെമനിലെ പല മേഖലകളും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചര്‍ച്ചകള്‍ക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചനം സാധ്യമാക്കാനുള്ള ഇടപെടലുകള്‍ക്കായി നിമിഷപ്രിയയുടെ മാതാവ് നിലവില്‍ യമനിലുണ്ട്.