Kerala
ലക്ഷത്തിന് മുകളില്‍ ലീഡുയര്‍ത്തി യുഡിഎഫിലെ ഒന്‍പത് സ്ഥാനാര്‍ഥികള്‍
വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധിയുടേതാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ലീഡ് നില
തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ യുഡിഎഫിന്റെ 9 സ്ഥാനാര്‍ഥികളുടെ ലീഡ് നില ലക്ഷത്തിന് മുകളില്‍. എറണാകുളം, ഇടുക്കി, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പൊന്നാനി, വടകര, വയനാട് എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തങ്ങളുടെ ലീഡ് നില ലക്ഷത്തിന് മുകളിലെത്തിച്ചത്. വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധിയുടേതാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ലീഡ് നില. 3,44,709 ആണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് നില. കടുത്ത പോരാട്ടം പ്രവചിച്ച വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ കെ ശൈലജയേക്കാള്‍ ഷാഫി പറമ്പില്‍ 1,15,157 ലീഡിലാണ് മുന്നേറിയത്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിക്കുറിച്ചു. 2,50,385 എന്ന ലീഡാണ് ഹൈബി ഈഡന്‍ നേടിയത്. എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിന്റെ കെ ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍ ലീഡ് ഹൈബി സ്വന്തമാക്കിക്കഴിഞ്ഞു. 2019ല്‍ 169153 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹൈബി സ്വന്തമാക്കിയത്.
കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ 1,48,655ന്റെ ലീഡ് നേടി. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ 1,12,909 എന്ന നിലയിലാണ് ലീഡ് ഉയര്‍ത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനായിരുന്നു ഇവിടെ ഇടത് സ്ഥാനാര്‍ഥി. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ 1,46,176 എന്ന നിലയിലാണ് ലീഡ് ഉയര്‍ത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബിജെപിയുടെ എം ടി രമേശ് ആണ് മൂന്നാം സ്ഥാനത്ത്.ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ ലീഡ് 1,33, 727ആണ്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ 2, 98,759 എന്ന നിലയില്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ പൊന്നാനിയില്‍ എം പി അബ്ദുസമദ് സമദാനി 2,34, 792 എന്ന ലീഡ് നേടി.