Connect with us

earth quake

അഫ്ഗാന്‍ കേന്ദ്രമായ ഭൂകമ്പത്തില്‍ 11 മരണം; മൂന്നൂറിലധികം പേര്‍ക്ക് പരിക്ക്

വടക്കന്‍ അഫ്ഗാന്‍ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 11  മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായാണ് 11 മരണങ്ങള്‍ സ്ഥിരീകരിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണു കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവിടെ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും.

വടക്കന്‍ അഫ്ഗാന്‍ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഉപരിതലത്തില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലുള്ള ഫലകത്തിലാണു ചലനമുണ്ടായത്.
കെട്ടിടങ്ങള്‍ തകര്‍ന്നാണ് പരിക്ക് ഏറെയും. ഖൈബര്‍ പഖ്തൂണ്‍ മേഖലയില്‍ ഒരു പോലീസ് സ്റ്റേഷന്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. ദുരന്ത നിവാരണ സേനയോട് തയ്യാറായി ഇരിക്കാന്‍ പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അഫ്ഗാനിലെ ലെഖ്മാന്‍ മേഖലയിലാണ് വലിയ ആഘാതമുണ്ടായത്. പലയിടങ്ങളും ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചു. രക്ഷാ പ്രവര്‍ത്തകര്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ എത്താന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ ആയിരത്തിലധികം പേര്‍മരിച്ചിരുന്നു. ഭൂചലനം ഉണ്ടായ ഉടന്‍ പരിഭ്രാന്തരായ ജനങ്ങള്‍ തുറസായ സ്ഥലങ്ങളിലേക്ക് ഇറങ്ങിയോടിയതിനാല്‍ അപകടങ്ങളുടെ വ്യാപ്തി കുറച്ചു.

Latest