Connect with us

Uae

ദുബൈ ആര്‍ ടി എ നോള്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഒമ്പത് ഇ-സേവനങ്ങള്‍

യാത്രക്കാര്‍ക്ക് മെട്രോ, ബസുകള്‍, ട്രാമുകള്‍ എന്നിവയില്‍ യാത്ര ചെയ്യാനും മറ്റ് നിരവധി കാര്യങ്ങള്‍ക്കും ഉപയോഗിക്കാനാവും.

Published

|

Last Updated

ദുബൈ | ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) പുറത്തിറക്കിയ നോള്‍ കാര്‍ഡ്, യാത്രക്കാര്‍ക്ക് മെട്രോ, ബസുകള്‍, ട്രാമുകള്‍ എന്നിവയില്‍ യാത്ര ചെയ്യാനും മറ്റ് നിരവധി കാര്യങ്ങള്‍ക്കും ഉപയോഗിക്കാനാവും. വിവിധ ആവശ്യങ്ങള്‍ക്കായി നാലുതരം നോള്‍ കാര്‍ഡുകള്‍ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഗോള്‍ഡ്, സില്‍വര്‍, റെഡ്, ബ്ലൂ കാര്‍ഡുകളില്‍ വ്യക്തിഗത നോള്‍ കാര്‍ഡ്, നോള്‍ ക്രെഡിറ്റ് റീചാര്‍ജ്, മുന്‍ നോള്‍ കാര്‍ഡ് ഇടപാടുകളുടെ സംഗ്രഹം, നോള്‍ ബാലന്‍സ് റീഫണ്ട് ട്രാക്ക് ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ ഒമ്പത് സേവനങ്ങള്‍ ലഭിക്കും.

സ്മാര്‍ട്ട് സില്‍വര്‍ നോള്‍ കാര്‍ഡില്‍ ഇലക്ട്രോണിക് വാലറ്റ് സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ഡ് രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ 1,000 ദിര്‍ഹം വരെ ബാലന്‍സ് ലോഡ് ചെയ്യാന്‍ കഴിയും. ഈ കാര്‍ഡ് 25 ദിര്‍ഹത്തിന് എളുപ്പത്തില്‍ ലഭിക്കും. ഓരോ യാത്രയുടെയും ചെലവ് സ്വയം കണക്കാക്കുകയും ഇ-വാലറ്റില്‍ നിന്ന് കുറയ്ക്കുകയും ചെയ്യും. എല്ലാ ഗതാഗത മാര്‍ഗങ്ങളിലും ഇത്തിഹാദ് മ്യൂസിയത്തിലും ദുബൈയിലെ 2,000 ഷോപ്പിംഗ് മാളുകളിലും ഉപയോഗിക്കാനാവും. അഞ്ച് വര്‍ഷത്തേക്കാണ് സാധുത.

സില്‍വര്‍ കാര്‍ഡിന് സമാനമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഗോള്‍ഡ് കാര്‍ഡ് അധിക നിരക്കില്‍ ഗോള്‍ഡ് ക്ലാസ് മെട്രോ ഉപയോഗിക്കാം. നീല നിറത്തിലുള്ള നോള്‍ കാര്‍ഡില്‍ 5,000 ദിര്‍ഹം വരെ ലോഡ് ചെയ്യാന്‍ കഴിയും. ഈ കാര്‍ഡ് 70 ദിര്‍ഹത്തിന് ലഭിക്കും. കാര്‍ഡ് നഷ്ടമോ മോഷണമോ സംഭവിച്ചാല്‍ ബാലന്‍സ് സുരക്ഷിതമാണ്. കാര്‍ഡ് ഉടമ വിദ്യാര്‍ഥിയോ പ്രായമായയാളോ നിശ്ചയദാര്‍ഢ്യമുള്ള വ്യക്തിയോ ആണെങ്കില്‍ കുറഞ്ഞ നിരക്ക് നേടാന്‍ കഴിയും. എസ് എം എസ്, ഇ-മെയില്‍ അറിയിപ്പുകളും ഇത് നല്‍കുന്നു.

റെഡ് നോള്‍ ടിക്കറ്റ് വെന്‍ഡിംഗ് മെഷീനില്‍ നിന്നും രണ്ട് ദിര്‍ഹമിന് വാങ്ങാന്‍ കഴിയും. നിലവിലെ നോള്‍ സിസ്റ്റം നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയതായി ആര്‍ ടി എ അടുത്തിടെ അറിയിച്ചിരുന്നു. അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനത്തിലേക്കാണ് ഇത് മാറുക. 2026 അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

 

---- facebook comment plugin here -----

Latest