National
രാജസ്ഥാനിലെ കരോലിയില്‍ വാഹനാപകടം; ഒമ്പത് പേര്‍ മരിച്ചു
നാലുപേര്‍ക്ക് പരുക്കേറ്റു. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ന്യൂഡല്‍ഹി | രാജസ്ഥാനിലെ കരോലിയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ ആറു സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമുണ്ടാകാനുള്ള കാരണം പോലീസ് പരിശോധിച്ചു വരികയാണ്.
ഒരു കുടുംബത്തിലെ 12 പേരുമായി സഞ്ചരിക്കുകയായിരുന്ന ബൊലേറോ കാര്‍ കരോലി-മണ്ഡ്രയാല്‍ റോഡിലെ ദുന്ദപുര ക്രോസിംഗില്‍ വെച്ച് കല്ലുമായി പോവുകകയായിരുന്ന ട്രക്കിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം. മധ്യപ്രദേശിലെ ഷിയോപുര്‍ ജില്ലയില്‍ നിന്നുള്ളവരാണ് ബൊലേറോയില്‍ ഉണ്ടായിരുന്നവര്‍. അപകട സ്ഥലത്തിന് 60 കിലോമീറ്റര്‍ അകലെയുള്ള കെയ്‌ലാ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഇവര്‍. മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ വാഹനമെന്ന് കരോലി പോലീസ് സൂപ്രണ്ട് ബ്രിജേഷ് ജ്യോതി ഉപാധ്യായ് പറഞ്ഞു.
അന്വേഷണത്തിലെ പുരോഗതിക്കായി ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കുന്നുണ്ട്.