National
ലഡാക്കിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് സൈനികർ മരിച്ചു
എട്ടു സൈനികരും ഒരു ജൂനിയർ കമീഷൻഡ് ഓഫിസറുമാണ് മരിച്ചത്.
ന്യൂഡൽഹി | ലഡാക്കിലെ ലേ ജില്ലയിൽ സൈനികർ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ മരിച്ചു. ശനിയാഴ്ച വൈകീട്ട് തെക്കൻ ലഡാക്കിലെ നിയോമയിലെ കെറിയിലാണ് അപകടം.ഒരാൾക്ക് പരിക്കേറ്റതായും ലേ ഡിഫൻസ് പിആർഒ ലഫ്റ്റനന്റ് കേണൽ പി എസ് സിദ്ധു പറഞ്ഞു.
എട്ടു സൈനികരും ഒരു ജൂനിയർ കമീഷൻഡ് ഓഫിസറുമാണ് മരിച്ചത്. 311 മീഡിയം റെജിമെന്റില് (ആർട്ടിലറി) ഉൾപ്പെട്ട സൈനിക സംഘം കരു ഗാരിസണിൽ നിന്ന് ലേയ്ക്കടുത്തുള്ള ക്യാരിയിലേക്ക് പോവുകയായിരുന്നു. വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം.
മാരുതി ജിപ്സി, ഒരു ട്രക്ക്, ആംബുലൻസ് എന്നിവ ഉൾപ്പെടുന്ന മൂന്ന് വാഹനങ്ങളിലായാണ് സൈനികർ സഞ്ചരിച്ചിരുന്നത്. ഇതിൽ ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. 34 ജവാന്മാരാണ് സംഘത്തിലുണ്ടായിരുന്നത്.
സൈനികരുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. നിസ്വാർത്ഥമായ ത്യാഗത്തിന് ഈ സൈനികരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് അവർ ട്വീറ്റ് ചെയ്തു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും അനുശോചനം രേഖപ്പെടുത്തി. അവരുടെ മാതൃകാപരമായ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് രാജ്‌നാഥ് സിംഗ് ശനിയാഴ്ച പറഞ്ഞു. രാജ്യം മുഴുവൻ മരിച്ചവരുടെ കുടുംബത്തോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നുവെന്ന് അമിത്ഷാ അനുസ്മരിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.