National
വഡോദരയിൽ ബോട്ട് മുങ്ങി 14 വിദ്യാർഥികളും രണ്ട് അധ്യാപകരും മരിച്ചു
ന്യൂ സൺറൈസ് സ്കൂളിൽ നിന്ന് പിക്നിക്കിന് പോയ അധ്യാപകരുടെയും വിദ്യാർഥികളുടെയും സംഘമാണ് അപകടത്തിൽപെട്ടത്.
വഡോദര | ഗുജറാത്തിലെ വഡോദര നഗരത്തിലെ ഹാർനി തടാകത്തിൽ ബോട്ട് മറിഞ്ഞ് 14 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. ന്യൂ സൺറൈസ് സ്കൂളിൽ നിന്ന് പിക്നിക്കിന് പോയ അധ്യാപകരുടെയും വിദ്യാർഥികളുടെയും സംഘമാണ് അപകടത്തിൽപെട്ടത്. 23 വിദ്യാർഥികളും നാല് അധ്യാപകരുമടക്കം 27 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അഗ്നിശമന സേനയും എൻഡിആർഎഫ് സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുട്ടികൾ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ബോട്ടിൽ പരമാവധിയിൽ അധികം ആളുകൾ കയറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 15 പേർക്ക് മാത്രം കയറാൻ ശേഷിയുള്ള ബോട്ടിലാണ് 27 പേർ കയറിയത്.
ഹർനി തടാകത്തിൽ ബോട്ട് മറിഞ്ഞ് കുട്ടികൾ മുങ്ങിമരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ദുഃഖം രേഖപ്പെടുത്തി. സംഭവം അങ്ങേയറ്റം ഹൃദയഭേദകമാണെന്നും ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ കുട്ടികളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.