Connect with us

cover story

നൊന്പരക്കൂട്

ഏതെങ്കിലും ഒരു വൃദ്ധസദനത്തിൽ അൽപ്പനേരം ചെലവഴിച്ചിട്ടുണ്ടോ...ഉണ്ടെങ്കിൽ നിങ്ങൾ കണ്ടുമുട്ടുന്നവർ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരായിരിക്കും. ഉന്നത ഉദ്യോഗങ്ങൾ വഹിച്ചവർ, കലാകാരൻമാർ, പേരുകേട്ട തറവാട്ടിൽ പിറന്നവർ, സമൂഹം ആദരിക്കുന്നവരുടെ രക്തബന്ധുക്കൾ..അങ്ങനെ ആരെയും അവിടെ കണ്ടുമുട്ടാം.

Published

|

Last Updated

വൃദ്ധസദനങ്ങളെക്കുറിച്ചും അഗതി മന്ദിരങ്ങളെക്കുറിച്ചും എത്രയോ എഴുതപ്പെട്ടിരിക്കുന്നു. അവിടെക്കഴിയുന്ന അനേകം മനുഷ്യരിലേക്കു പുറംലോകം സഹതാപത്തോടെ കണ്ണെറിയുന്നു. അവിടുത്തെ ഗദ്ഗദങ്ങളേയും കാത്തിരിപ്പിനേയും കുറിച്ച് സർഗ സൃഷ്ടികൾ പിറക്കുന്നു. ഒരു കാലത്ത് മലയാളി അങ്കലാപ്പോടെ നോക്കിയിരുന്ന ഇത്തരം അഭയ കേന്ദ്രങ്ങൾ ഇന്ന് സർവ സാധാരണമായിത്തീർന്നിരിക്കുന്നു. എന്നിട്ടും എന്തിനാണ് വീണ്ടും വീണ്ടും ഈ നെടു നിശ്വാസങ്ങളിൽ അച്ചടിമഷി പുരളുന്നത് എന്നു ചോദിച്ചാൽ…മനുഷ്യായുസ്സിന്റെ അന്ത്യനാളുകൾ വരും കാലത്ത് എന്തായിരിക്കുമെന്ന മറുചോദ്യമായിരിക്കും മറുപടി.
വിദേശങ്ങളിൽ കുടിയേറി ഇന്ത്യൻ പൗരത്വം തന്നെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായുള്ള കണക്കുകൾ പുറത്തുവരുന്നു. നേരത്തെ മലയാളികളുടെ ഗൾഫ് പ്രവാസം ഒരിക്കലും ഒരു കുടിയേറ്റമായിരുന്നില്ല. അതു തിരിച്ചുവരാനുള്ള യാത്രയായിരുന്നു. പോയവരുടെ കുടുംബം നാട്ടിൽ കാത്തിരിപ്പുണ്ടായിരുന്നു.

ഗൾഫ് പ്രവാസത്തിന്റെ പഴയ പ്രതാപം അസ്തമിക്കുമ്പോൾ മലയാളി യൂറോപ്പിലേക്കാണു പോകുന്നത്. അത് തൊഴിൽ തേടിയുള്ള വെറും പ്രവാസമല്ല. കുടിയേറ്റം തന്നെയാണ്. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള കുടിയേറ്റം. അവിടെ മക്കൾ പിറക്കുന്നു. അവർ തിരിച്ചുവരാനായി പോകുന്നവരല്ല.

ഒന്നോ രണ്ടോ മക്കൾ മാത്രമുള്ള കേരളത്തിലെ അണുകുടുംബത്തിൽ മക്കൾ കടൽ കടന്നുപോയാൽ പിന്നെ വൃദ്ധമാതാപിതാക്കൾ എന്തു ചെയ്യും. മകളുടേയോ മകന്റെ ഭാര്യയുടേയോ പ്രസവത്തിനും കുഞ്ഞിനെ നോക്കാനും പണച്ചിലവില്ലാതെ ഒരാൾ ആവശ്യമുള്ളപ്പോൾ മാതാവിനും ഒരു വിസ കിട്ടിയേക്കും. അപ്പോഴും അച്ഛൻ വീട്ടിൽ തനിച്ചാകും. കുട്ടികൾ പിച്ചവെക്കാൻ തുടങ്ങിയാൽ അമ്മക്ക് അച്ഛനടുത്തേക്കു തിരിച്ചു പോരാം. ഹതാശമാവുന്ന വാർധക്യത്തിൽ അവർക്ക് ആശ്രയം പിന്നെ എവിടെയാണ്.

ഉന്നതമായ ജോലിയിൽ വിരാജിച്ചവർ, മക്കളെ പ്രതാപത്തിൽ വളർത്തിയവർ…വാർധക്യത്തിന്റെ ക്ലാസ്സ്മുറിയിൽ എല്ലാവരും തുല്യരാവുന്നു. മിണ്ടിപ്പറയാനും മരുന്നും ഭക്ഷണവും എടുത്തുകൊടുക്കാനും ആരെങ്കിലും ഉണ്ടായെങ്കിലെന്ന് അവർ ആഗ്രഹിക്കുമ്പോൾ മുന്നിൽ ശൂന്യത തളംകെട്ടുന്നു.

ഏതെങ്കിലും ഒരു വൃദ്ധ സദനത്തിൽ അൽപ്പനേരം ചെലവഴിച്ചിട്ടുണ്ടോ…ഉണ്ടെങ്കിൽ നിങ്ങൾ കണ്ടുമുട്ടുന്നവർ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരായിരിക്കും. ആർക്കും പരിഭവമില്ല. ഉന്നത ഉദ്യോഗങ്ങൾ വഹിച്ചവർ, കലാകാരന്മാർ, പേരുകേട്ട തറവാട്ടിൽ പിറന്നവർ, സമൂഹം ആദരിക്കുന്നവരുടെ രക്തബന്ധുക്കൾ..അങ്ങനെ ആരെയും അവിടെ കണ്ടുമുട്ടാം.
മക്കളെല്ലാം വിദേശത്ത് പോയി, ഏകാന്തത അനുഭവിക്കുന്പോൾ മക്കളുടെ ഔദാര്യത്തിൽ ഒരായയുടെ ദയാവായ്പിൽ സ്വന്തം വീട്ടിൽ കഴിയുന്നതിനേക്കാൾ ആശ്വാസം വൃദ്ധസദനത്തിലെ ആൾക്കൂട്ടത്തിലാണെന്ന് കണ്ടെത്തിയവരും ആ കൂട്ടത്തിലുണ്ടാകും.

പ്രായം കൂടുമ്പോൾ വാശിയും വൈരാഗ്യവുമെല്ലാം കൂടും. അങ്ങനെയുള്ള മാതാപിതാക്കൾ ഭാരമായിത്തീർന്ന മക്കളുണ്ട്. അവർ മാതാപിതാക്കൾക്ക് വൃദ്ധ സദനത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു. സ്വത്തു മുഴുവൻ മക്കൾക്ക് എഴുതിക്കൊടുത്തതിന്റെ പേരിൽ വഴിയാധാരമായിപ്പോയവരുടെ ദയനീയ ചിത്രങ്ങളുണ്ട്. മറവി രോഗം ബാധിച്ചു വീടുവിട്ടുപോയ അച്ഛനെയോ അമ്മയേയോ തേടിവരാത്തവരുണ്ട്. ഉള്ളതെല്ലാം വിറ്റുപെറുക്കി ജീവിത സായന്തനത്തിൽ സ്വന്തം ഇഷ്ടപ്രകാരം അഭയ കേന്ദ്രത്തിന്റെ പടികടന്നെത്തിയവരുണ്ട്…. ഈ ചിത്രങ്ങളെല്ലാം സ്നേഹം വറ്റിയ ലോകത്തിന്റെ ഇരുൾകാഴ്ചകളായി മാറുന്നു.

ചില കഥകളിങ്ങനെ…

“അവർക്കു എന്നെ വേണ്ടാ…ഞാൻ അവർക്കൊരു ഭാരമായി..ഇനി എവിടെ പോകാൻ…മരണം വരെ ഇവിടെ കിടക്കാം…’ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആരാരും ആശ്രയമില്ലാതെ അവിടുത്തെ ജീവനക്കാരുടെ കാരുണ്യം കൊണ്ടു മാത്രം ജീവൻ അറ്റുപോകാതെ ദിവസങ്ങൾ തള്ളിനീക്കാൻ വിധിക്കപ്പെട്ടവരുടെ നാവിൽ നിന്നും വിറയാർന്ന സ്വരത്തിൽ ഒരേപോലെ പുറത്തേക്കു വരുന്ന വാക്കുകളാണിത്. ഉറ്റവരും ഉടയവരും ഉണ്ടായിട്ടും രോഗത്തിന്റെ പേരുപറഞ്ഞു മാതാപിതാക്കളെ ആശുപത്രികളിൽ തള്ളി അകന്നു പോകുന്നവർ വർധിച്ചുവരുന്ന സാക്ഷര കേരളത്തിൽ വൃദ്ധസദനങ്ങളും വ്യാപകമാകുകയാണ്. അവരിലേക്കിറങ്ങിച്ചെല്ലുമ്പോൾ നൊന്തുപെറ്റമക്കളുടെ, വേദനിപ്പിക്കുന്ന ചെയ്തികളെക്കുറിച്ചാകും കേൾക്കാനാകുക.

പത്ത് മാസം ചുമന്നു പെറ്റ പൊന്നോമന മക്കളെ മാറോടു ചേർത്തു മാതൃസ്‌നേഹം നൽകി വളർത്താതെ, സൗന്ദര്യം നഷ്ടപ്പെടുമെന്ന ആശങ്കയാൽ അയൽ വീട്ടിലെ ആയമാരെ ഏൽപ്പിച്ച പരിഷ്കാര മനസ്സുകൾ…..അവർ കാട്ടിയ അകൽച്ചക്കു പ്രതികാരമെന്നോണം സ്വന്തം അമ്മമാരെ വൃദ്ധസദനങ്ങളിൽ ഏൽപ്പിച്ചു സുഖശീതളിമയിൽ കഴിയുന്ന മക്കൾ… കാലം കാത്തുവെച്ച കണക്കുകൾ എണ്ണിയെണ്ണി ദുഃഖവും പേറി ദിനരാത്രങ്ങൾ തള്ളിനീക്കുന്ന ദയനീയ കാഴ്ചയായി മാറിയ അച്ഛനമ്മമാർ…ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന മലയാള നാട്ടിലും കൂണുകൾ പോലെ മുളച്ചു പൊങ്ങുന്ന വൃദ്ധ സദനങ്ങളിലെ കാഴ്ചകൾ ദയനീയതയുടെ രോദനമായി വിങ്ങുന്നു പലപ്പോഴും. ഈയിടെ ഒരഗതിമന്ദിരത്തിലെത്തിയപ്പോളുണ്ടായ ചില അനുഭവങ്ങളിങ്ങനെയായിരുന്നു.

“അമ്മച്ചീ.. സുഖമാണോ.. എത്രനാളായി ഇവിടെ എത്തിയിട്ട്? ‘ നീറിപ്പുകയുന്ന മനസ്സുമായി സമപ്രായക്കാരോടൊപ്പം തടിബെഞ്ചിലിരുന്നു ഭൂതകാലസ്മരണകൾ അയവിറക്കുന്ന 72 കാരിയോടായി ചോദിച്ചപ്പോൾ പാതി ചിരിക്കുന്ന മുഖഭാവത്തോടെ അവർ പറഞ്ഞു.. ‘ ഏഴ് വർഷമായി… സുഖമാണിവിടെ…’

“വീട്ടിൽ മറ്റാരുമില്ലേ.. മക്കളാരും’… ചോദ്യം കേട്ടിട്ടാകണം എന്തോ പറയാൻ ഒരുങ്ങിയ ആ വൃദ്ധമാതാവിന്റെ മുഖം പെട്ടന്നു മങ്ങി ദുഃഖസാന്ദ്രമായി. പിന്നെ അവർ ഒന്നും മിണ്ടിയില്ല.ഒപ്പം മൂകമേഘത്തിലേക്ക് കണ്ണുംനട്ട് ദയനീയമായ ഇരിപ്പ്… പല്ലുകൾ കൊഴിഞ്ഞു ചുക്കിച്ചുളുങ്ങിയ കവിളിലൂടെ കണ്ണീർ തുള്ളികൾ നിറഞ്ഞൊഴുകി…. ഇതു കണ്ടിട്ടാകണം ആ അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരൻ പതുക്കെപ്പറഞ്ഞു. “ഈ അമ്മക്ക് രണ്ട് മക്കളുണ്ട്… രണ്ടുപേരും അവരുടെ ഭാര്യമാരും ഉയർന്ന ജോലിക്കാരാണ്. അവരാണ് ഇവരെ ഇവിടെ കൊണ്ടാക്കിയത്…’ ആഴത്തിലന്വേഷിച്ചപ്പോൾ അത് മറ്റൊരു കഥയാണ്. ആരേയും നെഞ്ച് നീറിക്കുന്ന കണ്ണീർക്കഥ.

…………………………………………………………………….

നൊന്തുപെറ്റ രോഗിയായ അമ്മയുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടി റോഡിൽ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച മദ്യപാനിയായ മകനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചപ്പോൾ ആ മാതൃഹൃദയം തേങ്ങി. അവർ കൈകൂപ്പി പോലീസിനോടായി കേണപേക്ഷിച്ചു.. “എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത് ഏമാനേ,.. അവൻ എന്നെ ഒന്നും ചെയ്തില്ല. അവൻ പാവമാണ്… അവനെ വെറുതെ വിടണേ സാറേ. ഇത് കേരളക്കരയിലിരുന്ന് നാം വായിച്ച കഥയാണ്.

നിയമം കൊണ്ട് വരിഞ്ഞുമുറുക്കേണ്ടിവരുന്ന മനുഷ്യ ബന്ധം

ഇന്ന് കേരളത്തിലെ അഭയ കേന്ദ്രങ്ങളിൽ ഇരുപതിനായിരത്തോളം പേർ കഴിയുന്നു. ആകെ 516 അഭയകേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഇതിൽ സർക്കാർ നേരിട്ട് നടത്തുന്ന 16 വൃദ്ധസദനങ്ങൾ ഉൾപ്പെടുന്നു. 55 വയസ്സിനു മുകളിൽ പ്രായമായവർക്കു മാത്രമാണ് ഇവിടെ പ്രവേശനം നൽകുന്നത്. സൂപ്രണ്ടുമാർക്ക് അപേക്ഷ സമർപ്പിച്ചാൽ ജില്ലാ പ്രബോഷൻ ഓഫീസർ അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. മക്കളോ ബന്ധുക്കളോ ഉള്ളവരെ അനാഥാലയങ്ങളിൽ പ്രവേശിപ്പിക്കരുതെന്നു നിയമമുണ്ട്. വൃദ്ധസദനങ്ങളിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാനും നിയമമുണ്ട്. നിയമം കൊണ്ടു വരിഞ്ഞുമുറുക്കേണ്ട ഒന്നല്ല മനുഷ്യ ബന്ധങ്ങളിലെ പരിണാമങ്ങളെന്നു സമൂഹം അംഗീകരിച്ചുവോ. മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയാത്തവർ അവരെ നടതള്ളുന്ന അപകടകരമായ പ്രവണതകളാണെവിടെയും.

വൃദ്ധസദനത്തിലെ നെടുവീർപ്പുകൾ ആവോളം അനുഭവിച്ചു തിരികെ പോരാൻ നേരം നിങ്ങൾ അവിടെയുള്ളവരിൽ ഒരാളോട് “വീട്ടിലേക്കു പോകാൻ ആഗ്രഹമില്ലേ’ എന്നു ചോദിച്ചു നോക്കൂ. അപ്പോൾ കേൾക്കാം നമ്മുടെ മുൻ വിധികളെല്ലാം തകിടം മറിയുന്ന ആ മറുപടി. മുൻകാല വീടനുഭവങ്ങൾ അവരിലേൽപ്പിച്ച മുറിവുകളുടെ വേദനയാലുള്ള ആ ഹൃദയം കീറിമുറിച്ചുള്ള പ്രതിവചനം….മക്കളുടെ എല്ലാ പിഴവുകൾക്കും മാപ്പു നൽകുന്ന അമ്മമനമെന്ന കോടതിയിൽ നിന്നു നമുക്കത് കേൾക്കാം. “ഇല്ലാ…ഇനി വീട്ടിലേക്കില്ല…’
.