Nipah virus
നിപ സമ്പര്‍ക്ക പട്ടിക ഉയരാന്‍ സാധ്യത: ആരോഗ്യ മന്ത്രി
പുനെ വൈറോളജി ലാബ് അധികൃതര്‍ ഇന്ന് കോഴിക്കോട് എത്തും: ഉറവിടം കണ്ടെത്താന്‍ തീവ്ര ശ്രമം
കോഴിക്കോട് | നിപ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്ടേക്ക് പുനെ വൈറോളജി ലാബ് അധികൃതര്‍ ഉടന്‍ എത്തും. കോഴിക്കോട് നിലവിലെ ലാബില്‍ നിപ പരിശോധക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. കൂടുതല്‍ സമ്പര്‍ക്ക പട്ടിക ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് വീടുകള്‍ കേന്ദ്രീകരിച്ച് സര്‍വേ നടത്തും. രോഗ ഉറവിടത്തെ കുറിച്ച് അവ്യക്തത ഇപ്പോഴും തുടരുകയാണ്. കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മരിച്ച കുട്ടിയുടെ മാതാവിനും ചെറിയ പനിയുണ്ട്. കൂടുതല്‍ ആശങ്ക ആവശ്യമില്ല. ഏഴ് പേരുടെ സാമ്പിള്‍ പുനെയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്ന് ലഭിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കല്‍ കോളജില്‍ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും.
റംബുട്ടാനില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് പ്രാഥമിഗ നിഗമനം. കേന്ദ്ര സംഘവും ഇതേ സൂചനയാണ് നല്‍കുന്നത്. മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പകര്‍ന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതര്‍ക്കായിട്ടില്ല.
ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുമ്പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങി. അതുകൊണ്ടുതന്നെ വൈറസിന്റെ തീവ്രതയും ഉറവിടവും കണ്ടെത്തേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമാവുകയാണ്.
വവ്വാലുകളില്‍ നിന്നാണോ അതോ മറ്റാരില്‍ നിന്നെങ്കിലും രോഗം പകര്‍ന്നതാണോയെന്നാണ് അറിഞ്ഞാല്‍ മാത്രമേ സമ്പര്‍ക്ക പട്ടികയടക്കം കൃത്യമാവുകയുള്ളൂ. 2018 ല്‍ നിന്നും വ്യത്യസ്തമായി കൊവിഡ് പശ്ചത്താലത്തില്‍ സാമൂഹിക അകലവും ജാഗ്രതയും ജനങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും വിവിധ ആശുപത്രികളിലടക്കം സഞ്ചരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക ഇനിയും ഉയരാനാണ് സാധ്യത. നിലവില്‍ രോഗലക്ഷണങ്ങളുള്ള രണ്ട് പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് 17 ജീവനുകളെടുത്ത വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തിപ്പോഴും തുടരുകയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. പഴൂരില്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഇന്ന് പരിശോധന നടത്തും.