Connect with us

Kerala

മലപ്പുറത്തെ നിപ; നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും

നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലെ 194 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.

Published

|

Last Updated

മലപ്പുറം| മലപ്പുറത്തെ നിപ നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. 14കാരന്‍ മരിച്ച മലപ്പുറം പാണ്ടിക്കാട്ടും കുട്ടിയുടെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന ആനക്കയം പഞ്ചായത്തിലും നിപ നിയന്ത്രണങ്ങള്‍ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.

കുട്ടിയുടെ മാതാപിതാക്കളുടേത് ഉള്‍പ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവില്‍ 15 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. കുട്ടിയെ ചികിത്സിച്ച നഴ്‌സ് ഉള്‍പ്പെടെ രണ്ട് പാലക്കാട് ജില്ലക്കാര്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ കുട്ടി എത്തിയ സമയത്ത് ചികിത്സയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിക്ക് കടുത്ത പനിയുണ്ടായിരുന്നു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മൂന്നുപേരും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതില്‍ രണ്ടുപേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

പൂനെയില്‍ നിന്ന് എത്തിച്ച മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. മലപ്പുറത്ത് കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും. നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലെ 194 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇതില്‍ 139 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. 7,239 വീടുകളില്‍ സര്‍വേ നടത്തിയതില്‍ 439 പേര്‍ക്ക് പനിയുണ്ട്. ഇതില്‍ നാലുപേര്‍ മാത്രമാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി നേരിട്ടു സമ്പര്‍ക്കമുള്ളത്.

പതിനാലുകാരന് നിപ ബാധിച്ചത് അമ്പഴങ്ങയില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. അമ്പഴങ്ങ കഴിച്ച സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

 

 

Latest