Connect with us

nipah concern

നിപ്പാ സംശയം: അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി

ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടപ്പെടുവിച്ചിട്ടുണ്ട്. നിപ്പാ വൈറസ് ആണോ പനിക്ക് കാരണം എന്ന് സംശയിക്കുന്നതിനാലാണ് ജാഗ്രത നിര്‍ദേശം.

സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സാമ്പിളുകള്‍ പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പ്രദേശത്ത് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങള്‍ ഇന്നലെ തന്നെ ആരംഭിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തന്നെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കോഴിക്കോടെത്തി ജില്ലയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കോഴിക്കോട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മരണമടഞ്ഞവരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി പരിചരണം നല്‍കുന്നുണ്ട്. പ്രതിരോധപ്രവര്‍ത്തനവും ജാഗ്രതയും പ്രധാനമാണ്. ആരോഗ്യ വകുപ്പ് തയാറാക്കിയ പ്രതിരോധ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Latest