Kerala
വണ്ടൂരിൽ മരിച്ച യുവാവിന് നിപ തന്നെ; പൂനെയിലെ ഫലവും പോസിറ്റീവ്; അഞ്ച് പേർക്ക് രോഗലക്ഷണം
യുവാവ് നാല് ആശുപത്രികളിൽ ചികിത്സ തേടി; സമ്പർക്ക പട്ടികയിൽ 151 പേർ
മലപ്പുറം | മലപ്പുറം വണ്ടൂരിനടുത്ത് നടുവട്ടത്ത് മരിച്ച യുവാവിന് നിപ തന്നെയെന്ന് അന്തിമമായി സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവായി. നേരത്തെ കോഴിക്കോട് വൈറോളജി ലബിൽ നടത്തിയ പ്രാഥമിക സ്രവപരിശോധന പോസിറ്റീവായിരുന്നു. പനി ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് തിങ്കളാഴ്ചയാണ് മരിച്ചത്. നിപ മരണം സ്ഥിരീകരിച്ചതോടെ തിരുവാലി പഞ്ചായത്തിൽ നിപ പ്രോട്ടോകോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
പൂനെ വൈറോളജി ഇൻസ്റ്റില്ല്യൂട്ടിലെ പരിശോധനാ ഫലം പോസിറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് അറിയിച്ചത്. രണ്ട് മാസം മുമ്പ് ബംഗളൂരുവിലിരിക്കെ യുവാവിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. തുടർന്ന് നാട്ടിലെത്തി ചികിത്സ തേടി. രോഗം ഭേദമായി മടങ്ങിയെങ്കിലും കാലിന് പരുക്ക് പറ്റിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വീണ്ടും നാട്ടിലെത്തി. ഇതിനിടയിലാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്.
യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് ആദ്യം സംശയിച്ചത്. തുടർന്ന് കോഴിക്കോട് വൈറോളജി ലാബിൽ പരിശോധനക്കായി സ്രവം അയച്ചു. ഫലം പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെ പൂനെയിലേക്ക് അയച്ച സ്രവത്തിലും നിപ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ധ്രുതഗതിയിൽ നടപടികൾ തുടങ്ങി.
ഇന്നലെ രാത്രി ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നിരുന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു.
ബാംഗളൂരുവിൽ വിദ്യാർത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരൻ. യുവാവിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആദ്യം പുറത്തുവിട്ട പട്ടിക പ്രകാരം 26 പേരാണ് സമ്പർക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് കൂടുതൽ പരിശോധനയിൽ 151 പേരുടെ സമ്പർക്ക പട്ടിക പ്രസിദ്ധീകരിച്ചു. നാലു സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ക്വാറന്റൈനിൽ കഴിയുന്ന അഞ്ച് പേര്‍ക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.