Connect with us

Kerala

കോഴിക്കോട്ട് മരിച്ച രണ്ട് പേർക്കും നിപ്പാ സ്ഥിരീകരിച്ചു

കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് നിപ്പ സ്ഥിരീകരിച്ചതായി അറിയിച്ചത്.

Published

|

Last Updated

കോഴിക്കോട് / ന്യൂഡൽഹി | കോഴിക്കോട് പനി ബാധിച്ച് രണ്ട് പേർ മരിക്കാനിടയായത് നിപ്പാ വൈറസ് ബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് നിപ്പ സ്ഥിരീകരിച്ചതായി അറിയിച്ചത്. മരിച്ച രണ്ട് പേരുടെയും സ്രവ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. പരിശോധനയിൽ രണ്ട് പേരുടെയും ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി.

നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

വടകര ആയഞ്ചേരി, കുറ്റ്യാടി മരുതോങ്കര പ്രദേശങ്ങളില്‍ നിന്ന് മരിച്ച രണ്ട് പേരിലാണ് നിപ്പാ സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. മരിച്ച വടകര ആയഞ്ചേരി സ്വദേശിയായ രണ്ടാമത്തെയാളുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ ആണ് പരിശോധനക്ക് അയച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിപ്പാ പ്രോട്ടോകോള്‍ നടപ്പാക്കും. കന്റോണ്‍മെന്റ് സോണ്‍ അടക്കം പ്രഖ്യാപിച്ചേക്കും. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ആളും ഇയാള്‍ ചികിത്സയിലിരിക്കെ പിതാവുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് മരിച്ചത്. ഇവരുടെ മരണങ്ങളാണ് നിപ്പാ മൂലമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആദ്യ മരണം ആഗസ്റ്റ് 30നായിരുന്നു. എന്നാല്‍, ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ എത്തിയ ആള്‍ക്ക് സമാന രോഗലക്ഷണം കണ്ടെത്തിയത്. ഏറെ വൈകാതെ ഈ രോഗിയും മരിച്ചു.

അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപ്പാ ആയിരിക്കാമെന്ന സംശയം ബലപ്പെട്ടത്. അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭര്‍ത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.2018 മെയ് മാസത്തിലാണ് കേരളത്തില്‍ ആദ്യമായി കോഴിക്കോട് നിപ്പാ സ്ഥിരീകരിച്ചത്. അന്ന് 17 പേര്‍ക്കാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജീവന്‍ നഷ്ടമായത്. 2021 ല്‍ കോഴിക്കോട് വീണ്ടും നിപ്പാ റിപ്പോര്‍ട്ട് ചെയ്തു. ഒരു കുട്ടി അന്ന് മരിച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് വീണ്ടും നിപ്പാ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

Latest