Kerala
നിപ:മാസ്‌കുകള്‍ നിര്‍ബന്ധമാക്കി, ജനങ്ങള്‍ കൂട്ടംകൂടുന്നതും നിരോധിച്ചു; മലപ്പുറത്ത് നിയന്ത്രണം കടുപ്പിച്ചു
വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ മാത്രമേ പ്രവര്‍ത്തിക്കാവു

മലപ്പുറം | മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ടെയ്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ കൂട്ടംകൂടുന്നതിനും നിരോധിച്ചു. തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ മാത്രമേ പ്രവര്‍ത്തിക്കാവു
തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ എഴാം വാര്‍ഡിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓണാവധി ആയതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ക്കും അവധിയാണ്
പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വെ ആരംഭിച്ചു.കണ്ടെയ്മെന്റ് സോണുകളിലെ വീടുകളിലെത്തി പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സര്‍വെ നടത്തുന്നത്.
നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 151 പേരില്‍ മൂന്നു പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. അഞ്ചുപേരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. ഇതില്‍ മൂന്നുപേര്‍ക്കാണ് രോഗലക്ഷണം കണ്ടത്. മരിച്ച വിദ്യാര്‍ഥിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കുട്ടികളെയും കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍: പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. (പാല്‍, പത്രം, പച്ചക്കറി എന്നിവയ്ക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാം). മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല .സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാൻ പാടില്ല..സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സകള്‍ അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.
മലപ്പുറം ജില്ലയിലെ പൊതുനിയന്ത്രണങ്ങള്‍: .പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം.. പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവൃത്തിസമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കല്യാണം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുമ്പോൾ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ഉപദേശം തേടണം. പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ മുതലായവ കടിച്ചതോ ഫലവൃക്ഷങ്ങളില്‍നിന്ന് താഴെ വീണുകിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കരുത്. പഴം, പച്ചക്കറി എന്നിവ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.