Connect with us

NIPAH

നിപ: 63 പേരെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ്

15കാരന്റെ ചികിത്സക്കായി മോണോ ക്ലോണല്‍ ആന്റിബോഡി ഉടനെത്തിക്കും

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ടുപേര്‍ക്ക് പനിയുള്ളതായും 63 പേരെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 15കാരന്റെ നില ഗുരുതരമായി തുടരുന്നതിനാല്‍ ചികിത്സക്കായി മോണോ ക്ലോണല്‍ ആന്റിബോഡി ഉടനെത്തിക്കും. രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് ഇതിനായുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. നിപ ബാധിതനായ കുട്ടി എത്തിയ ആശുപത്രികളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ആരെയും സമ്പര്‍ക്ക പട്ടികയില്‍ നിന്ന് വിട്ടുപോകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സാമ്പിളുകള്‍ പരിശോധിക്കാന്‍ കോഴിക്കോട്ടെ ലാബ് കൂടാതെ പൂനെയില്‍ നിന്ന് മൊബൈല്‍ ലാബുമെത്തും. പാണ്ടിക്കാട്ടെയും ആനക്കയത്തെയും മുഴുവന്‍ വീടുകളിലും ആരോഗ്യവകുപ്പ് സര്‍വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൂര്‍ണമായും ഐസൊലേഷനിലുള്ള കുടുംബങ്ങള്‍ക്ക് വളണ്ടിയര്‍മാര്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കും.

പാണ്ടിക്കാട് പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്. വിവാഹം, സത്കാരം അടക്കമുള്ള പരിപാടികള്‍ക്ക് പരമാവധി 50 പേര്‍ക്ക് മാത്രമാണ് അനുവാദം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചു. മറ്റ് സ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പഞ്ചായത്ത് വിട്ട് പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest