Connect with us

Articles

നിപ്പാ: വേണം ദീര്‍ഘകാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

2018 മുതല്‍ കേരളത്തില്‍ നിപ്പായുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും കൃത്യമായ ഉറവിടം മനസ്സിലാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. എന്നാല്‍ 2018ലെ വ്യാപനത്തില്‍ 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെങ്കിലും പിന്നീടുണ്ടായ നിപ്പാ ഔട്ട് ബ്രേക്കുകളില്‍ നാല് പേര്‍ മാത്രമാണ് മരിച്ചത്. രോഗം നേരത്തേ കണ്ടെത്തുന്നതിലും വ്യാപനം നിയന്ത്രിക്കുന്നതിലും നമ്മള്‍ കൈവരിച്ച നേട്ടമായി ഇതിനെ വിലയിരുത്താവുന്നതാണ്.

Published

|

Last Updated

കഴിഞ്ഞ ഏഴ് വര്‍ഷമായി ഇടക്കിടെ നിപ്പാ ഭീതിയിലാണ് കേരളം. ഇടവേളകളിലെത്തുന്ന നിപ്പാ രോഗബാധയുടെ വാര്‍ത്തകള്‍ ആശങ്ക സൃഷ്ടിക്കുകയാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വിദ്യാര്‍ഥിയാണ് നിപ്പാ മരണത്തിന് അവസാനമായി കീഴടങ്ങിയത്. 2018 മുതല്‍ കേരളത്തില്‍ നിപ്പായുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും കൃത്യമായ ഉറവിടം മനസ്സിലാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. എന്നാല്‍ 2018ലെ വ്യാപനത്തില്‍ 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെങ്കിലും പിന്നീടുണ്ടായ നിപ്പാ ഔട്ട് ബ്രേക്കുകളില്‍ നാല് പേര്‍ മാത്രമാണ് മരിച്ചത്. രോഗം നേരത്തേ കണ്ടെത്തുന്നതിലും വ്യാപനം നിയന്ത്രിക്കുന്നതിലും നമ്മള്‍ കൈവരിച്ച നേട്ടമായി ഇതിനെ വിലയിരുത്താവുന്നതാണ്.

നിപ്പാ വന്ന വഴി
മലേഷ്യയിലെ കാപുംഗ് സുപായ് നിപ്പാ എന്ന സ്ഥലത്ത് രോഗബാധ ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് വൈറസിന് നിപ്പാ എന്ന പേര് വരാന്‍ കാരണം. പഴംതിനീ വവ്വാലുകളാണ് വൈറസിന്റെ വാഹകര്‍. മലേഷ്യക്ക് പുറമെ ബംഗ്ലാദേശിലും വ്യാപനമുണ്ടായിട്ടുണ്ട്.

രണ്ടിടത്തെയും വൈറസുകള്‍ വ്യത്യസ്ത ജനിതക വംശങ്ങളായാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. കേരളത്തിലേതിന് ബംഗ്ലാദേശ് ജനിതകവുമായി താരതമ്യമുണ്ട്. രോഗലക്ഷണങ്ങളും രോഗ ബാധയേറ്റവരില്‍ പ്രകടമാകുന്ന ദൈര്‍ഘ്യവും സമാനമാണ്. ആറ് മുതല്‍ 14 ദിവസമാണ് ഇന്‍കുബേഷന്‍ കാലയളവെങ്കിലും 9.5 ആണ് ബംഗ്ലാദേശിലെയും കേരളത്തിലെയും ശരാശരി കാലയളവ്.

1999ല്‍ മലേഷ്യയില്‍ രോഗം പടര്‍ന്നത് വവ്വാല്‍ കൂട്ടങ്ങള്‍ക്ക് സമീപമുള്ള പന്നി ഫാമില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. ഇവിടെ നിരവധി പേരാണ് മസ്തിഷ്‌ക വീക്കം മൂലം മരണപ്പെട്ടത്. തുടക്കത്തില്‍ കൊതുക് പരത്തുന്ന രോഗമായ ജാപ്പനീസ് എന്‍സെഫലൈറ്റിസ് ആണെന്ന് സംശയിച്ചു.

വവ്വാലുകള്‍ ഇടപഴക്കം നടത്തുന്ന ചെടികളിലെ അസംസ്‌കൃത ഈന്തപ്പന സ്രവം കഴിച്ചവരാണ് ബംഗ്ലാദേശിലെ രോഗബാധിതരില്‍ പകുതി പേര്‍ എന്നാണ് കണ്ടെത്തല്‍. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 2001ലും പശ്ചിമ ബംഗാളിലെ നാദിയയില്‍ 2007ലും നിപ്പാ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി മരണങ്ങളും സംഭവിച്ചു.

കേരളത്തില്‍ 2018 മെയ് മാസത്തിലാണ് പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി സാബിത്ത് നിപ്പാ ബാധിച്ച് ആദ്യം മരണപ്പെടുന്നത്. സാബിത്തിന്റെ കുടുംബത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് നിപ്പാ കേരളത്തില്‍ ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്. അടുത്ത ദിവസം തന്നെ സാബിത്തിന്റെ സഹോദരന്‍ സ്വാലിഹും പിതാവ് മൂസയും അവരുടെ സഹോദരി മര്‍യവും മരണത്തിന് കീഴടങ്ങി.

സാബിത്തിന് പ്രാഥമിക ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര ഗവ. ആശുപത്രിയിലെ നഴ്സ് ലിനിയും മരിച്ചു. പിന്നീട് മെഡി. കോളജ് ആശുപത്രിയിലും മറ്റും വെച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ട 13ഓളം പേര്‍ മരണത്തിന് കീഴടങ്ങി. മൊത്തം 17 പേരാണ് 2018ല്‍ നിപ്പാ കാരണം മരണപ്പെട്ടത്. എന്നാല്‍, മെഡിക്കല്‍ വിദ്യാര്‍ഥിയടക്കം രണ്ട് പേര്‍ ഈ സീസണില്‍ നിപ്പാ മുക്തരായി ആശുപത്രി വിട്ടത് ആശ്വാസകരമായിരുന്നു.

2018ല്‍ നിപ്പാ ബാധിച്ച് മരണമടഞ്ഞ ഒരാളൊഴികെ എല്ലാവര്‍ക്കും രോഗിയുമായുള്ള സഹവാസത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യം രോഗം പിടിപെട്ട മുഹമ്മദ് സാബിത്തിന് രോഗബാധയേറ്റത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളില്ല. ഇദ്ദേഹത്തിന്റെ വീട്ടിലെ കിണറില്‍ കാണപ്പെടുന്ന വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ നിപ്പായുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.

2019ല്‍ എറണാകുളത്താണ് വീണ്ടും നിപ്പാ പ്രത്യക്ഷപ്പെട്ടത്. പറവൂര്‍ സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ 23കാരന്‍ 54 ദിവസത്തിന് ശേഷം രോഗമുക്തി നേടി. വിദ്യാര്‍ഥി പേരക്ക കഴിച്ചിരുന്നുവെന്നും ഈ വഴിയാണ് രോഗം വന്നതെന്നുമാണ് നിഗമനം. 2021ല്‍ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ 12 വയസ്സുകാരന്‍ നിപ്പാ ബാധിച്ച് മരിച്ചു. കുട്ടി കഴിച്ച റമ്പൂട്ടാനില്‍ നിന്നാണ് രോഗ വ്യാപനമെന്നാണ് കരുതുന്നത്. 2023ല്‍ വീണ്ടും കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിലും മരുതോങ്കരയിലും 40ഉം 45ഉം പ്രായമായ രണ്ട് പേര്‍ കൂടി നിപ്പാ മരണത്തിന് കീഴടങ്ങുകയുണ്ടായി.

വവ്വാലുകള്‍ എത്ര തരം
നിപ്പാ വൈറസിന്റെ യാത്ര പഴംതീനി വവ്വാലുകളിലൂടെയാണെങ്കിലും വവ്വാലുകള്‍ക്ക് നിപ്പാ കാരണം പ്രയാസങ്ങളൊന്നുമില്ല. വവ്വാലുകളുടെ സ്രവങ്ങളിലൂടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും വ്യാപിക്കുകയും മരണമടക്കം സംഭവിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ കാണപ്പെടുന്ന 129 തരം വവ്വാലുകളില്‍ 48 എണ്ണം സംസ്ഥാനത്ത് ഉള്ളതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകള്‍ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. പഴംതീനി വവ്വാലുകളും പ്രാണികളെ ഭക്ഷിക്കുന്ന ഷഡ്പദ ഭോജികളും. പഴംതീനി വവ്വാലുകളെ തന്നെ പഴങ്ങള്‍ മാത്രമായി ഭക്ഷിക്കുന്നവയെന്നും തേന്‍ നുകരുന്നവയെന്നും രണ്ടായി തരം തിരിക്കാം. ഭക്ഷണം തേടി 25 മുതല്‍ 50 കിലോമീറ്റര്‍ വരെ ദിനേന പഴംതീനി വവ്വാലുകള്‍ സഞ്ചരിക്കും. പിന്നീട് തിരിച്ച് പഴയ താവളത്തില്‍ തന്നെ എത്തും. പഴംതീനി വവ്വാലുകളാണ് ഈ തരത്തില്‍ കൂടുതലായി സഞ്ചരിക്കുന്നത്.

ഗവേഷണം ഊര്‍ജിതമല്ലേ?
നിപ്പാ റിപോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്ത് ആശങ്കകള്‍ക്ക് വിരാമമിട്ട് പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും ഐ സി എം ആറിലെയും വിദഗ്ധ സംഘങ്ങള്‍ കേരളത്തിലെത്താറുണ്ടെങ്കിലും നിപ്പാ സംബന്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളും പഠനങ്ങളും ദീര്‍ഘകാലം തുടരുന്നുണ്ടോയെന്ന ചോദ്യം ന്യായമായും ഉയരുന്നുണ്ട്.

രോഗവും ചികിത്സയും
പനി, തലവേദന, ബോധക്ഷയം, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ചുമ, ശ്വാസംമുട്ട് തുടങ്ങിയവയാണ് നിപ്പായുടെ ലക്ഷണങ്ങള്‍. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയും ചിലപ്പോള്‍ കാണാറുണ്ട്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണയം നടത്താം. രോഗത്തിന് പ്രത്യേകിച്ച് മരുന്നുകളില്ലായെന്നതാണ് വാസ്തവം. റിബവിരിന്‍, ഫാവിപിരാവീര്‍, റെംഡെസിവിര്‍ എന്നിങ്ങനെയുള്ള ആന്റിവൈറല്‍ മരുന്നുകള്‍ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്. മോണോക്ലോണല്‍ ആന്റിബോഡിയും ഉപയോഗിച്ചു വരുന്നു.

 

---- facebook comment plugin here -----

Latest