Kerala
സംസ്ഥാനത്ത് നിപ്പ പ്രതിരോധം ഊര്‍ജിതം,പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലെ 194 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇതില്‍ 139 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
മലപ്പുറം | നിപ്പ മരണം റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7200ലധികം വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചതായി മന്ത്രി വ്യക്തമാക്കി.
നിപ്പ ബാധിച്ച് മരിച്ച വിദ്യാര്‍ഥിക്ക് അമ്പഴങ്ങയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് സംശയിക്കുന്നുണ്ട്.ഇതിനാല്‍ പ്രദേശത്തെ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കും. വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കുന്നതായിരിക്കും.
അതേസമയം രോഗ വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് വരികയാണെന്നും പൊതുജനങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി മാസ്‌ക് ധരിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. മാധ്യമങ്ങളില്‍ നിപ്പയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ പാടില്ല.തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറത്തെ നിപ്പ നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും.
കുട്ടിയുടെ മാതാപിതാക്കളുടേത് ഉള്‍പ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവില്‍ 15 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. കുട്ടിയെ ചികിത്സിച്ച നഴ്സ് ഉള്‍പ്പെടെ രണ്ട് പാലക്കാട് ജില്ലക്കാര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലെ 194 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇതില്‍ 139 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.