From the print
നിപ്പാ: വൈറസ് വന്ന വഴി തേടി ആരോഗ്യ വകുപ്പ്
രോഗം എങ്ങനെ മരണപ്പെട്ട മരുതോങ്കര മുഹമ്മദിലേക്കെത്തിയെന്ന അന്വേഷണം ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. ടവര്‍ ലൊക്കേഷനുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരി ച്ചാണ് അന്വേഷണം.
കോഴിക്കോട് | നിപ്പാ ഭീതിയകലുന്ന സാഹചര്യത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് രോഗത്തിന്റെ മൂല സ്രോതസ്സ്. രോഗം എങ്ങനെ മരണപ്പെട്ട മരുതോങ്കര മുഹമ്മദിലേക്കെത്തിയെന്ന അന്വേഷണം ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. രോഗം സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഇത് സംബന്ധിച്ച് വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിലാണ് ടവര്‍ ലൊക്കേഷനുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഇതിനുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
കഴിഞ്ഞ മാസം 22നാണ് മുഹമ്മദ് രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. എന്നാല്‍ അഞ്ചോ ആറോ ദിവസം മുമ്പെങ്കിലും ഇദ്ദേഹത്തിന്റെ ശരീരത്തില്‍ വൈറസ് ബാധയുണ്ടായിരിക്കാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കരുതുന്നത്. ഈ സമയത്തെ അദ്ദേഹത്തിന്റെ സഞ്ചാരപഥമാണ് ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്.
ഒന്നര വര്‍ഷം മുമ്പ് പ്രവാസം മതിയാക്കി നാട്ടിലെത്തിയ മുഹമ്മദിന് ഇടക്കിടെ കൃഷിയിടം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നതായാണ് പറയുന്നത്. ധാരാളം ഫ്രൂട്സ് മരങ്ങളും മറ്റുമുള്ള ഇവിടെ വവ്വാലുകളുടെ കേന്ദ്രമാണ്. വവ്വാലുകളില്‍ നിന്ന് തന്നെയാകാം വൈറസ് ബാധയുണ്ടായതെന്നാണ് വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ എങ്ങനെ പിടിപെട്ടുവെന്നതില്‍ മാത്രമാണ് ഇവര്‍ക്ക് സംശയമുയരുന്നത്. വവ്വാല്‍ കടിച്ച ഫലങ്ങള്‍ കഴിച്ചോ, അടക്ക പോലുള്ളവ സ്പര്‍ശിച്ചോ തുടങ്ങിയ സംശയങ്ങളാണ് ഉയരുന്നത്. അതേസമയം, 2018ലെയും 2021ലെയും ഉള്‍പ്പെടെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വവ്വാലില്‍ നിന്ന് മാത്രമേ രോഗപകര്‍ച്ചക്കുള്ള സാധ്യതയുള്ളൂവെന്നാണ് ഡോ. അനൂപ് കുമാര്‍ ഉള്‍പ്പെടെ പറയുന്നത്.
കേരളത്തിലും ഇന്ത്യയിലും പുറത്തും നിപ്പാ രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴൊക്കെ എങ്ങനെ രോഗം ആദ്യ രോഗിയിലെത്തിയെന്ന് കണ്ടെത്തിയിട്ടില്ല. രോഗ വ്യാപനമുണ്ടായ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ആദ്യം രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ട പശ്ചിമബംഗാളിലെ സിലിഗുരിയില്‍ രോഗം ബാധിച്ച 65 പേരില്‍ 45 പേരും മരണപ്പെട്ടെങ്കിലും നിപ്പായാണെന്ന് സ്ഥിരീകരിക്കുന്നത് ഒരു വര്‍ഷത്തിന് ശേഷമാണ്.
ഇപ്പോഴും ഇതിന്റെ ഉറവിടം കണ്ടെത്തിയിട്ടുമില്ല. 2007ല്‍ പശ്ചിമബംഗാളിലെ തന്നെ നാദിയയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം പിടിപെട്ടപ്പോഴും കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിപ്പാ സ്ഥിരീകരിച്ചത്. എവിടെ നിന്ന് പിടിപെട്ടുവെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ആദ്യ രോഗിയില്‍ നിന്ന് കണ്ടെത്താനായില്ല. കോഴിക്കോട്ടെ മുമ്പുണ്ടായ മൂന്ന് കേസുകളിലും ഇത് തന്നെയാണ് അവസ്ഥ. എല്ലാവര്‍ക്കും മുഹമ്മദില്‍ നിന്ന് തന്നെയാണ് രോഗം പകര്‍ന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് മുഹമ്മദിനെ ഇന്‍ഡക്സ് കേസായി പരിഗണിച്ചിരിക്കുന്നത്.
മുഹമ്മദിന്റെ കുടുംബത്തിലോ മറ്റോ ഇതിന് തൊട്ടുമുമ്പ് മരണങ്ങള്‍ ഉണ്ടായിട്ടുമില്ല. ആദ്യം മരിച്ച രോഗിയില്‍ നിന്ന് നിപ്പാപിടിപെടാനുള്ള ഇന്‍കുബേഷന്‍ പിരീഡ് ഏതാണ്ട് കഴിഞ്ഞ സാഹചര്യത്തില്‍ രോഗ വ്യാപനത്തിന് ഇനി സാധ്യതയില്ലെന്ന് ഡോ. അനൂപ് കുമാര്‍ പറഞ്ഞു.
രണ്ടാമത്തെ രോഗിയില്‍ നിന്ന് രോഗം പടരാന്‍ സാധ്യതയുള്ള ഇന്‍ക്യുബേഷന്‍ പിരീഡായ ഈ മാസം 25 വരെ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കില്‍ രോഗം പൂര്‍ണമായി നിയന്ത്രണ വിധേയമായെന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.