Connect with us

Kerala

നിപ്പാ ഭീഷണി; കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ ഒന്ന് വരെ നീട്ടി

സാമൂഹിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്. കൂടാതെ ബീച്ചിലും പാര്‍ക്കിലും പ്രവേശനം അനുവദിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.

Published

|

Last Updated

കോഴിക്കോട്  | നിപ്പാ വൈറസ്ബാധ ഭീഷണിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചു.നിലവിലെ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ ഒന്ന് വരെ നീട്ടി. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സാമൂഹിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്. കൂടാതെ ബീച്ചിലും പാര്‍ക്കിലും പ്രവേശനം അനുവദിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.

നിപ്പാ ഭീഷണി കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതേ സമയം കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകള്‍ തല്‍ക്കാലം തുറക്കില്ല. ഇവിടെ ഓണ്‍ലൈന്‍ ക്ലാസ് തുടരണം. അധ്യാപകരും വിദ്യാര്‍ഥികളും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ 7 വാര്‍ഡുകളുമാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത്.അതേസമയം നിപ ഭീതിയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പിഎസ്സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം കണക്കിലെടുത്താണ് മാറ്റം.ഈ മാസം 26ന് നടക്കുന്ന പരീക്ഷകളുടെ ബേപ്പൂരിലുള്ള കേന്ദ്രങ്ങളാണ് മാറ്റിയത്. ബേപ്പൂര്‍ ജിഎച്ച്എസ്എസ് സെന്റര്‍ ഒന്നിലെ ഉദ്യോഗാര്‍ഥികള്‍ കുറ്റിച്ചിറ ഗവ വിഎച്ച്എസ്എസില്‍ പരീക്ഷ എഴുതണം. ബേപ്പൂര്‍ ജിഎച്ച്എസ്എസ് സെന്റര്‍ രണ്ടിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരീക്ഷാകേന്ദ്രം കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് വിഎച്ച്എസ്എസില്‍ ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വവ്വാലിന്റെയും പന്നിയുടെയും സാമ്പിളുകൾ നെഗറ്റീവ്

നിപാ ബാധിത പ്രദേശങ്ങളിൽനിന്ന്‌ ശേഖരിച്ച വവ്വാലിന്റെയും പന്നിയുടെയും സ്രവ സാമ്പിളുകൾ നെഗറ്റീവ്‌. ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളുടെ ഫലമാണ്‌ വന്നത്‌.

 

Latest