Connect with us

Kerala

നിപ വൈറസ്; ഇന്ന് അവലോകന യോഗം, ഐസിഎംആര്‍ സംഘം കോഴിക്കോട്ട്

ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേരുക

Published

|

Last Updated

മലപ്പുറം| മലപ്പുറം പണ്ടിക്കാട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഎംആര്‍ സംഘം കോഴിക്കോട്ടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്‌നിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികള്‍, പരിശോധന, ചികിത്സ എന്നിവയില്‍ ഐസിഎംആര്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.

അതേസമയം നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കള്‍ക്ക് രോഗലക്ഷണമില്ല. മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ആറ് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 330 പേരാണുള്ളത്. ഇവരില്‍ 101 പേരെ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം മരത്തില്‍ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചു. പ്രദേശത്ത് വീടുകള്‍ കയറിയുള്ള സര്‍വെ അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ നിയന്ത്രണം തുടരുകയാണ്.

നിലവില്‍ നിപ വൈറസ് ബാധ സംശയിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുള്ള 68കാരനെ ട്രാന്‍സിറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പ്രാഥമിക സ്രവ പരിശോധന നെഗറ്റീവാണ്. സ്രവ പരിശോധന കൂടുതല്‍ എളുപ്പമാക്കാന്‍ മൊബൈല്‍ ബിഎസ്എല്‍ 3 ലബോറട്ടറി ഇന്ന് മെഡിക്കല്‍ കോളജില്‍ എത്തിക്കും. ഇതോടെ ഫലം വേഗത്തില്‍ ലഭിക്കും.