Siraj Article
നിപ്പാ: പ്രതിരോധമാണ് പ്രധാനം
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ട് തന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഇതുവരെ കണ്ടെത്തിയതില്‍ വവ്വാലുകളാണ് നിപ്പാ വൈറസിന്റെ പ്രധാന വാഹകര്‍. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ വൈറസ് പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക
എന്താണ് നിപ്പാ വൈറസെന്നും അതിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ്പാ ബാധിക്കുന്നത്. നേരത്തേ 2018ലും 2019ലും നിപ്പാ വൈറസ് സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ ഒരിടവേളക്ക് ശേഷം വീണ്ടും നിപ്പാ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത് 2018ല്‍ നിപ്പാ ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് തന്നെയാണ്.
നിപ്പാ വൈറസിന്റെ ചരിത്രം
രണ്ട് പതിറ്റാണ്ട് മുമ്പ് മലേഷ്യയിലായിരുന്നു ഈ രോഗം കണ്ടെത്തിയത്. മലേഷ്യയില്‍ കടുത്ത വരള്‍ച്ച നേരിട്ട 1997ല്‍ മൃഗങ്ങളും പക്ഷികളും വെള്ളം തേടി നാടുകളിലേക്ക് ചെക്കേറി. ഇതിനെ തുടര്‍ന്ന് മലേഷ്യയിലെ പന്നി ഫാമുകളില്‍ അജ്ഞാതമായ രോഗം പിടികൂടി. പന്നികള്‍ കൂട്ടമായി ചത്തൊടുങ്ങിയതിന് പിന്നാലെ മനുഷ്യരെയും ഇത് ബാധിച്ചു. നൂറിലേറെ പേര്‍ രോഗം പിടിപെട്ട് മരിച്ചു. നിരവധി പേര്‍ രോഗബാധിതരായി. മലേഷ്യയിലെ കാംപുംഗ് ബാറു സുംഗായ് നിപ്പാ എന്ന സ്ഥലത്ത് നിന്നാണ് വൈറസിനെ കണ്ടെത്തിയത്. ഇതാണ് നിപ്പാ വൈറസ് എന്ന് പേര് വരാന്‍ കാരണവും. ഇതൊരു ആര്‍ എന്‍ എ വൈറസാണ്. നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ അന്ന് മറ്റ് പ്രതിവിധികളൊന്നും കണ്ടെത്തിയിരുന്നില്ല. പന്നി ഫാമുകളിലെ എല്ലാ പന്നികളെയും കൂട്ടത്തോടെ കൊന്നൊടുക്കി. ഇതോട് കൂടി മലേഷ്യയിലെ പന്നി വ്യാപാര മേഖല ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. നിപ്പാ വൈറസിന്റെ ആക്രമണം പിന്നീട് ഏറ്റവും കൂടുതല്‍ തവണ ഉണ്ടായത് ബംഗ്ലാദേശിലാണ്. തുടര്‍ച്ചയായി എട്ട് വര്‍ഷങ്ങളില്‍ ഇവിടെ നിപ്പാ വൈറസിന്റെ ആക്രമണം ഉണ്ടായി. 2001ന് ശേഷം മാത്രം ഇവിടെ 150ലേറെ പേരാണ് മരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മരണസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് പോയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പകരുന്നത് എങ്ങനെ?
ഹെനിപാ വൈറസ് ജീനസിലെ നിപ്പാ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പാ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്‍
നിപ്പാ വൈറസ് ശരീരത്തില്‍ കടന്നാല്‍ അഞ്ച് ദിവസം മുതല്‍ രണ്ടാഴ്ച വരെ സമയമെടുത്താണ് രോഗലക്ഷണങ്ങള്‍ കാണിക്കുക. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ പെട്ടെന്നൊന്നും അസുഖം ബാധിക്കില്ല. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പിരീഡ്) നാല് ദിവസം മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ആണ് രോഗ ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ എന്നീ ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം.
ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന വൈറസാണിത്. അതിനാല്‍ തന്നെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ രോഗി കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും വലിയ സാധ്യതയാണുള്ളത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ കാര്യമായ ഫലം ചെയ്യില്ല. അതിനാല്‍ ഏറ്റവും പ്രധാനം പ്രതിരോധമാണ്.
രോഗ സ്ഥിരീകരണം
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നെടുക്കുന്ന സാമ്പിളുകള്‍ ആര്‍ ടി പി സി ആര്‍ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
പ്രതിരോധ മാര്‍ഗങ്ങള്‍
രോഗ ലക്ഷണമുള്ളവരില്‍ നിന്ന് നിപ്പാ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. രോഗം പകരുന്നതിനെ കുറിച്ചും പ്രതിരോധത്തെ കുറിച്ചുമുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. കൊവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ്പാ വൈറസിനെയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് തന്നെ ധരിക്കേണ്ടതാണ്.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ട് തന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഇതുവരെ കണ്ടെത്തിയതില്‍ വവ്വാലുകളാണ് നിപ്പാ വൈറസിന്റെ പ്രധാന വാഹകര്‍. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ വൈറസ് പകരാം. പക്ഷികളില്‍ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്ന് തുറന്ന കലങ്ങളില്‍ കള്ള് ശേഖരിക്കാതിരിക്കുക. വവ്വാലുകള്‍ കടിച്ച പേരക്ക, മാങ്ങ, ചാമ്പങ്ങ, റംബൂട്ടാന്‍ മുതലായ ഒരു കായ്ഫലങ്ങളും ഉപയോഗിക്കരുത്. കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനും പാടില്ല.
എന്‍ 95 മാസ്‌ക്, കൈയുറ, കിറ്റ് എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്ത് നിന്ന് അകലം പാലിക്കുകയും ചെയ്യുക. ഇടക്കിടക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. പനി ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായ ശേഷം നിര്‍ബന്ധമായും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്‍ഡെങ്കിലും വൃത്തിയായി കഴുകുക. രോഗിയുടെ വസ്ത്രങ്ങളും രോഗി ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക. പനി ബാധിച്ച് കിടപ്പിലാണെന്നറിഞ്ഞാല്‍ സന്ദര്‍ശനം ഒഴിവാക്കുക. രോഗബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും മുഖത്ത് ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കുക. ശവസംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹത്തെ കുളിപ്പിക്കുന്നവര്‍ ദേഹരക്ഷ ഉപയോഗിക്കുക. നിപ്പാ രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരീരിക സ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. നിപ്പാ രോഗം ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കുക.
ആശുപത്രികളില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വലിയ സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റായാല്‍ അധികൃതരെ വിവരം അറിയിക്കുക. രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കൈയുറകളും മാസ്‌കും ധരിക്കുക. മറ്റ് സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഈ രോഗികളിലും എടുക്കുക. നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക. ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക. രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക.
സ്വയം രക്ഷാ സജ്ജീകരണം
എന്‍ 95 മാസ്‌ക്, കൈയുറ, കിറ്റ് എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉപയോഗിക്കുക. മാസ്‌ക്, കൈയുറ, ഗൗണ്‍ എന്നിവ ഉള്‍പ്പെടുന്ന പി പി ഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉപയോഗിക്കേണ്ടതാണ്. രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടല്‍ വേളകളിലും എന്‍ 95 മാസ്‌കുകള്‍ തന്നെ ഉപയോഗിക്കണം. പരിശോധനയിലും ശുശ്രൂഷയിലും ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും ഡിസ്‌പോസിബിള്‍ ആയിരിക്കുന്നതാണ് അഭികാമ്യം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം.